വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുനമ്പം ഗവ. ആശുപത്രിയിൽ ഘട്ടംഘട്ടമായി സേവനങ്ങൾ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി അറിയിച്ചു. വ്യാഴാഴ്ചകളിൽ മാത്രം നടത്തിയിരുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള രോഗാവസ്ഥ പരിശോധനയും മരുന്ന് വിതരണവും തിങ്കൾ മുതൽ ശനി വരെയുള്ള എല്ലാ ദിവസവും ലഭിക്കാവുന്ന ക്രമീകരണമുണ്ടാക്കി. ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ ഹെൽത്ത് സബ് സെന്ററുകളിൽ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 2മുതൽ 4വരെ രോഗാവസ്ഥ പരിശോധനാ സേവനം നൽകി വരുന്നുണ്ട്. സബ് സെന്ററുകൾ ഇല്ലാത്ത വാർഡുകളിൽ മാസത്തിന്റെ നിശ്ചിതദിവസം സൗജന്യ പരിശോധനാ ക്യാമ്പുകൾ സ്ഥിരമായി ആരംഭിച്ചിട്ടുണ്ട്. ആശാ പ്രവർത്തകർക്ക് പ്രത്യേക പരിശീലനവും ഡിജിറ്റൽ ബിപി അപ്പാരറ്റ്‌സ്, ഗ്ലൂക്കോമീറ്റർ എന്നിവ നൽകിക്കൊണ്ട് കൈയെത്തുംദൂരത്ത് പരിശോധനകൾക്ക് ഏർപ്പാടുണ്ടാക്കിയിട്ടുണ്ട്.
വയോധികരായ രോഗികൾ സബ് സെന്ററുകളിൽ പരിശോധന കഴിഞ്ഞശേഷം ആശുപത്രിയിൽ വരണമെന്ന നിർദ്ദേശത്തിനെതിരെ കഴിഞ്ഞദിവസം ജനകീയ വികസനസമിതി ആശുപത്രിക്കു മുന്നിൽ സമരം നടത്തിയിരുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുനമ്പം, അയ്യമ്പിള്ളി, ഞാറക്കൽ ആശുപത്രികളുടെ വളർച്ചയ്ക്കും വികസനത്തിനും രോഗികൾക്ക് മരുന്ന് ഉൾപ്പെടെ നൽകാനും ലക്ഷങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവാക്കുന്നത്. ആശുപത്രിയിൽ വലിയസൗകര്യങ്ങൾ കൊണ്ടുവരുമ്പോൾ അനാവശ്യ സമരവുമായി വരുന്നവരെ തിരസ്‌കരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.