parking-ground-
സ്വകാര്യ ബസ് സ്റ്റാന്റിന് പുറകു ഭാഗത്ത് നഗരസഭ ആരംഭിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ റിബൺ കെട്ടി തിരിച്ചിരിക്കുന്നു.

പറവൂർ : പറവൂർ നഗരത്തിൽ ടുവീലർ, കാർ പാർക്കിംഗിന് നഗരസഭ പുതിയ ഇടം ഒരുക്കുന്നു. സമീപ പ്രദേശത്തുള്ള നിരവധിപേർ നഗരംവരെ സ്വന്തം വാഹനങ്ങളിലാണ് എത്തുന്നത്. തുടർന്നുള്ള യാത്ര ബസുകളിലാണ്. ഇവരുടെ വാഹനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്താണ് പോകുന്നത്. ഇത് നഗരത്തിലെ പലഭാഗത്തും ഗതാഗതതടസം സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരം കണ്ടെത്തുന്നതിനാണ് നഗരസഭ പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കുന്നത്.

വഴിയോരക്കച്ചവടക്കാർക്കായി നിർമ്മിക്കുന്ന മുസിരിസ് ബസാറിനു പുറകിലാണ് പാർക്കിംഗ് ഗ്രൗണ്ട്. ഇത് മുസിരിസ് ബസാറിലെ കച്ചവടക്കാർക്കും ഏറെ ഗുണം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഈ സ്ഥലത്ത് സ്വകാര്യ ബസ് പാർക്കിംഗും റിപ്പയറിംഗുമാണ് നടക്കുന്നത്. ഇത് തടയുന്നതിന്റെ ആദ്യപടിയായി നഗരസഭ റിബൺ കെട്ടി തിരിച്ചിട്ടുണ്ട്. തുടക്കത്തിൽ ഫീസ് ഇല്ലാതെയാകും പാർക്കിംഗ്. പിന്നീട് ഫീസ് ചുമത്തും. മുസിരിസ് ബസാറിന്റെ ഉദ്ഘാടനത്തോടൊപ്പം പാർക്കിംഗ് ഗ്രൗണ്ടും സജ്ജമാകും.