'തലതിരിവ്' ഹ്രസ്വചിത്രം യു ട്യൂബിൽ
ആലുവ: സനൂപിന്റെ ജീവിതഗ്രാഫിൽ നഷ്ടത്തിന്റെ കണക്കുകളേയുള്ളൂ. ദുരന്തങ്ങൾ ഒന്നൊന്നായി പിന്തുടരുകയായിരുന്നു. സ്വന്തം മാതാപിതാക്കളും വീടുമെല്ലാം നഷ്ടമായി. ദാമ്പത്യ ജീവിതവും പാതിവഴിയിൽ നിലച്ചു.
ഒറ്റപ്പെടലിനിടയിലും അഭിനയമോഹമാണ് എടയപ്പുറം സ്വദേശി സനൂപ് ഗോപിയെ ജീവിക്കാൻ പ്രേരിപ്പിച്ചത്. ഉത്സവപ്പറമ്പുകളിലും നാലാൾ കൂടുന്നിടത്തുമെല്ലാം സുരേഷ് ഗോപിയുടെയും കൃഷ്ണൻകുട്ടി നായരുടെയുമെല്ലാം ശബ്ദം അനുകരിച്ചും അഭിനയിച്ചും ശ്രദ്ധനേടിയ സനൂപിന് പക്ഷെ ഒരിക്കലും കാമറക്ക് മുമ്പിൽ അവസരം ലഭിച്ചിരുന്നില്ല. ഈ സ്വപ്നമാണ് 'തലതിരിവ്' എന്ന ഹ്രസ്വചിത്രത്തിലൂടെ യാഥാർത്ഥ്യമായത്. അതും തന്റെ ജീവിതം പോലെ ഒരു കഥാപാത്രം. ഒരുപക്ഷേ അതിനേക്കാൾ തീവ്രതയോടെ സംവിധായകൻ ഫ്രെയിമിലാക്കി. മാനസിക വൈകല്യമുള്ളവരെ നേരെയാക്കാൻ ശകാരവും ഭീഷണിയുമല്ല, സ്‌നേഹമാണ് നൽകേണ്ടതെന്ന സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്ന് ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ നിസാം ബക്കർ പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്നവർ ചിലർക്ക് നേരംപോക്കിനുള്ള കോമാളിയാണ്. ഈ വെല്ലുവിളി എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് മറുപടിയാണ് 'തലതിരിവ്' പറയുന്നത്. സനൂപിന്റെ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ നാട്ടുകാർ ഇതിന്റെ പോസ്റ്ററുകളെല്ലാം വൈറലാക്കി.
അന്തരിച്ച നടൻ അബൂബക്കറിന്റെ മകനും ചലച്ചിത്ര താരങ്ങളായ കലാഭവൻ നവാസിന്റെയും നിയാസിന്റെയും ഇളയസഹോദരനുമാണ് സംവിധായകൻ നിസാം ബക്കർ. സനൂപിന് പുറമേ നാടക നടൻ അലുപുരം ബാബുരാജ്, നാടകനടി ഗീത ഭാസി, വിനോദ് ജോസഫ്, ഷിനു മുടൂർ, നിസാം ബക്കർ, ജോസ്, സായ് എം. സാജു, കൃഷ്‌ണേന്ദു വേണു എന്നിവരും വേഷമിടുന്നു. 12 മിനിട്ട് ദൈർഘ്യമുള്ള 'തലതിരിവ് ' ടീം വർക്ക് പ്രൊഡക്ഷന്റെ ബാനറിൽ പ്രേമൻ മുടൂരുമാണ് നിർമിച്ചിരിക്കുന്നത്. ക്യാമറ അഭിലാഷ് സുദർശനൻ.