പറവൂർ : ഉപജില്ലാ സ്കൂൾ കലോത്സവം 28 മുതൽ 31വരെ പുത്തൻവേലിക്കര വി.സി.എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പ്രചാരണാർഥം വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് 25ന് വിളംബരജാഥയും തുടർന്ന് രചനാമത്സരങ്ങളും നടക്കും. ഉപജില്ലയിലെ 70 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തിലധികം കുട്ടികൾ ഏഴ് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. 28ന് രാവിലെ 9.30ന് പൊതുസമ്മേളനം വി.ഡി. സതീശൻ എം.എൽ.എയും കലാമേള സിനിമ – ടിവി താരം സുബി സുരേഷും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.

പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയാണ് കലോത്സവം നടത്തുന്നത്. കലോത്സവത്തിന് ആവശ്യമായ പേപ്പർ പേനകൾ, തുണികൊണ്ടുള്ള ഫയലുകൾ എന്നിവ കുട്ടികളാണ് തയ്യാറാക്കുന്നത്. കലോത്സത്തിന്റെ ഫലപ്രഖ്യാപനങ്ങൾക്കായി പ്രത്യേക സോഫ്റ്റ്‌വെയർ തയാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മത്സരങ്ങളെല്ലാം വെബ് കാമറകൾ ഉപയോഗിച്ച് പകർത്തി സൂക്ഷിക്കും.

31ന് സമാപന സമ്മേളനം എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.