കൊച്ചി: വൈറ്റില അടിപ്പാത ഗതാഗതത്തിനായി തുറന്ന് നൽകാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ നടത്തിയ പണിമുടക്ക് പിൻവലിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

കൗൺസിലർ ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം അടിപ്പാത വഴിയുള്ള ഗതാഗതം തടഞ്ഞതിൽ പ്രതിഷേധിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. വൈറ്റില ജംഗ്‌ഷനിലെ വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിംഗിനെ ബാധിക്കുമെന്ന് പറഞ്ഞാണ് ബസുകൾക്ക് മാത്രം ഈ പാതയിൽ നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് വൈറ്റില ജംഗ്‌ഷൻ വഴിയുള്ള എല്ലാ സർവീസുകളും നിറുത്തിവച്ചതോടെ യാത്രക്കാർ നട്ടംതിരിഞ്ഞു. ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് അഞ്ചു മണിയോടെ സർവീസ് പുനരാരംഭിച്ചു.

#പ്രൈവറ്റ് ബസ് കോഓർഡിനേഷൻ കമ്മറ്റി യോഗം നാളെ (ശനി) ഉച്ചയ്ക്ക് 2 മണിക്ക് ചേരും