കോലഞ്ചേരി : ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കാനുള്ള ശ്രമം സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ തടഞ്ഞു. രാജസ്ഥാനിലെ സംഘം പെരുമ്പാവൂർ സ്വദേശിയായ വൈദികന്റെ ഇന്ത്യൻ ബാങ്കിലെ ഡെബിറ്റ്
കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
രാജസ്ഥാനത്തിലെ പാലിയേറ്റീവ് സ്ഥാപനത്തിലേയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ ആവശ്യപ്പെട്ടാണ് സംഘം ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. സിലിണ്ടറിന്റെ പണം നല്കാമെന്നറിയിച്ച് ബാങ്ക് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. പണം മാറ്റിയതായി കാണിച്ച് മെസേജയച്ചു. ഇവർ ആവശ്യപ്പെട്ടതനുസരിച്ച് മെസേജിന്റെ സ്ക്രീൻ ഷോട്ട് അയച്ച ഉടൻ അക്കൗണ്ടിൽ നിന്നും നാല്പതിനായിരം രൂപ സംഘം മൊബിക്വിക് വാലറ്റിലേക്ക് മാറ്റി. സ്ക്രീൻ ഷോട്ടിൽ ഉണ്ടായ ഒ.ടി.പി ഇതിനായി ഉപയോഗിച്ചു.പണം അക്കൗണ്ടിൽ നിന്നും പോയ മെസ്സേജ് വന്നതോടെയാണ് വികാരിയ്ക്ക് തട്ടിപ്പ് മനസ്സിലായത്.
പരാതി വന്ന ഉടൻ മൊബീ ക്വിക് വാലറ്റിൽ നിന്ന് പണം തട്ടിപ്പുകാർ മാറ്റുന്നത് തടഞ്ഞാണ് സൈബർ ടീം പണം വീണ്ടെടുത്തത്. സൈബർ സെല്ലിലെ ബിനോയി ടി.ബി , രാഹുൽ.കെ.ആർ , ജോജോ ജോർജ്, ഡെൽജിത്ത് ആർ, ബോബി കുര്യാക്കോസ്, തൽഹത്ത് പി.എം, ഷിറാസ് അമീൻ സി ഐ, റിതേഷ് പി.എം, ജെറീഷ്, വികാസ് മണി, രതീഷ് സുഭാഷ് , സിജു എം എസ്, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ ഷെർനാസ് എന്നീ ഉദ്യോഗസ്ഥരും സമയോചിതമായി ഇടപെട്ടു.
ബാങ്ക് ഉദ്യോഗസ്ഥരടക്കം ഒരാൾക്കു പോലും അക്കൗണ്ട് നമ്പറും മറ്റു ബാങ്കിംഗ് വിവരങ്ങളും ഒ.ടി.പി യും ഒരിക്കലും നല്കരുതെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. ആവശ്യം വന്നാൽ ബാങ്കിൽ നേരിട്ടെത്തി മാത്രമേ ഇത്തരം വിവരങ്ങൾ കൈമാറാവൂ.