കോലഞ്ചേരി: ചെളിവെള്ളത്തിൽ കായികമത്സരം. കോലഞ്ചേരി ഉപജില്ലാ കായികമേളയാണ് പ്രഹസനമാക്കിയത്. ഇന്നലെ കോലഞ്ചേരിയിൽ ആരംഭിച്ച ഉപജില്ലാ കായികമേളയാണ് ചെളിവെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ നടത്തിയത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്കായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് ട്രാക്കൊരുക്കിയത്. എന്നാൽ തലേദിവസം രാത്രി പെയ്ത മഴയിൽ ഗ്രൗണ്ടിൽ വെള്ളംകെട്ടി ചെളിക്കുണ്ടായി മാറിയിരുന്നു. ട്രാക്കുകൾ ഇട്ടിരുന്നതും കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് പങ്കെടുത്ത വിദ്യാർത്ഥികൾ പറയുന്നു. . നേരത്തെ രണ്ടുതവണ കോലഞ്ചേരി ഉപജില്ലാ കായിക മത്സരങ്ങളുടെ തീയതി മാറ്റിയതിനാലും എറണാകുളം റവന്യു ജില്ലാ കായികമേളയുടെ തീയതി അടുത്തതിനാലുമാണ് ഇത്തരത്തിൽ നടത്തേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കായിക അദ്ധ്യാപകർ മേളയോട് നിസഹകരണ സമരത്തിലാണ്. അവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും സജീവമായി രംഗത്തില്ല. ഇതും മേളയുടെ നിറം കെടുത്തുന്നുണ്ട്.
# അധികൃതർക്കെതിരെ പ്രതിഷേധം ശക്തം
നാളുകളായി പരിശീലനം നടത്തിയാണ് മത്സരത്തിന് കായികതാരങ്ങൾ എത്തിയത്. എന്നാൽ ചെളിവെള്ളത്തിൽ പലർക്കും അടിതെറ്റി. സമീപത്ത് ചെളിവെള്ളമില്ലാത്ത കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് ഉണ്ടായിട്ടും കോളേജ് ഗ്രൗണ്ടിൽ കായികമേള നടത്തിയതിൽ അധികൃതർക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്