യു.ഡി.എഫിൽ വോട്ടു ചോർച്ച
കൊച്ചി: പെരുമഴ പ്രകമ്പനത്തിൽ വോട്ടർമാരിൽ പകുതിയോളം വീട്ടിലിരുന്നെങ്കിലും എറണാകുളത്ത് അദ്ഭുതങ്ങൾ സംഭവിച്ചില്ല. എൽ.ഡി.എഫിന്റെ അട്ടിമറി മോഹങ്ങൾക്ക് മീതേ യു.ഡി.എഫ് കോട്ട ഒരിക്കൽ കൂടി തകരാതെ നെഞ്ചുയർത്തി നിന്നു. ടി.ജി. വിനോദിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതായിരിക്കും വരും ദിനങ്ങളിലെ ചർച്ച. വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് കാരണമെന്ന് പറയാനാവില്ല. കാരണം മികച്ച പോളിംഗ് നടന്ന യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും വോട്ടു കുറഞ്ഞു.
മനു റോയിയുടെ അപരൻ കെ.എം. റോയ് അപാരമായി 2572 വോട്ട് പിടിച്ചെടുത്തു. ഇതു കൂടിയില്ലായിരുന്നുവെങ്കിൽ ടി.ജെ. വിനോദിന്റെ വിജയത്തിന്റെ ഗ്‌ളാമർ ഇനിയും ഇടിഞ്ഞേനെ.
വോട്ടെടുപ്പ് ദിവസം നഗരം പെരുമഴയിൽ മുങ്ങിയത് നഗരസഭയുടെ പിടിപ്പുകേടാണെന്ന ആരോപണം ശക്തമായിരുന്നു. ഇത് ജനങ്ങൾ തള്ളിയെന്ന് പറഞ്ഞ് കോൺഗ്രസിന് ഒരു പരിധി വരെ ആശ്വസിക്കാം.എൽ.ഡി.എഫിനും ബി.ജെ.പിക്കും കാര്യമായ വോട്ടു ചോർച്ചയുണ്ടായിട്ടില്ല.ചേരനെല്ലൂർ പഞ്ചായത്തിന് പുറമേ നഗരസഭയിലെ 24 വാർഡുകൾ ചേരുന്നതാണ് എറണാകുളം മണ്ഡലം.
വോട്ടുചോർച്ചയിൽ ഞെട്ടിത്തരിച്ച്
2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിലും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ഒരു മേഖലകളിലും യു.ഡി.എഫ് പിന്നിൽ പോയിരുന്നില്ല. ഹൈബി ഈഡന് മൃഗീയ ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ചേരാനെല്ലൂർ പഞ്ചായത്തിൽ 1061 വോട്ടുകൾക്ക് മാത്രമാണ് ടി.ജെ. വിനോദിന് മുന്നിലെത്താനായത്. 25 ബൂത്തുകളുള്ള എളമക്കര മണ്ഡലത്തിൽ 1076 വോട്ടുകൾക്ക് പിന്നിലായത് യു.ഡി.എഫിനെ ഞെട്ടിച്ചു. ഇവിടെ സംഘടനാപരമായ വീഴ്ചയും പുന്നയ്ക്കൽ ഭാഗങ്ങളിൽ വെള്ളം കയറിയതും വോട്ടിംഗിനെ ബാധിച്ചുവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. വടുതലയിലെ 20 ബൂത്തുകളിൽ നിന്നായി ലഭിച്ച 2607 വോട്ടിന്റെ ലീഡും തൃക്കണാർവട്ടത്തെ 12 ബൂത്തുകളിലൽ നിന്നായി നേടിയ 1104 വോട്ടിന്റെ ലീഡുമാണ് വിനോദിന് തുണയായത്. ഈ വലിയ ലീഡ് മറികടക്കാൻ മനു റോയിക്ക് ഒരിടത്തുമായില്ല. എളമക്കര മാത്രമാണ് ആയിരത്തിൽ മുകളിൽ ലീഡ് മനു റോയിക്ക് നൽകിയത്.
എൽ.ഡി.എഫ് ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന കലൂർ മണ്ഡലത്തിൽ യു.ഡി.എഫ് 250 വോട്ടുകൾക്ക് മുന്നിലെത്തി. എന്നാൽ എളംകുളം മണ്ഡലത്തിൽ 547 വോട്ടുകൾക്ക് പിന്നിലായി. എറണാകുളം സെൻട്രലിൽ 530 വോട്ടുകൾക്കും ഐലൻഡിൽ 219 വോട്ടുകൾക്കും യു.ഡി.എഫ് മുന്നിലെത്തി. കോൺഗ്രസിന് വ്യക്തമായ ലീഡ് ലഭിക്കുന്ന എറണാകുളം സെൻട്രലിൽ 25 ശതമാനത്തിൽ താഴെയായിരുന്നു പോളിംഗ്. എറണാകുളം സൗത്ത്, തേവര എന്നിവിടങ്ങളിൽ നേരിയ വോട്ടുകൾക്ക് എൽ.ഡി.എഫ് മുന്നിലെത്തി.
സി.ജി.രാജഗോപാലും ലീഡ് ചെയ്‌തു
11 പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ആറെണ്ണം സി.ജി. രാജഗോപാലിനായിരുന്നു. ടി.ജെ. വിനോദിന് മൂന്നും മനു റോയിക്ക് രണ്ടും ലഭിച്ചു. അങ്ങനെ എറണാകുളത്ത് എൻ.ഡി.എ സ്ഥാനാർത്ഥി ആദ്യമായി ലീഡ് ചെയ്‌തു.
2011 ൽ സി.ജി. രാജഗോപാൽ മത്സരിക്കുമ്പോൾ നേടാനായത് 6362. 2016 ൽ എൻ.കെ. മോഹൻദാസ് 14,878 വോട്ടു നേടി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ അൽഫോൺസ് കണ്ണന്താനം 17,769 ത്തിലേക്ക് എത്തിച്ചു. പോളിംഗ് കുത്തനെ താഴ്ന്ന ഇത്തവണ 13,351 വോട്ടുകൾ രാജഗോപാൽ നേടി. സംഘടന സംവിധാനം ഏറ്റവും മോശമായ എറണാകുളത്ത് രാജഗോപാലിന്റെ വ്യക്തിപ്രഭാവമാണ് വോട്ടായി മാറിയത്.
ടി.ജെ. വിനോദ് ( കോൺ) - 37891
അഡ്വ. മനു റോയ് ( ഇടത് സ്വത) -34141
സി.ജി.രാജഗോപാൽ ( എൻ.ഡി.എ) -13351
മനു കെ.എം -2572
നോട്ട -1309
വിനോദ് എ.പി - 206
അബ്‌ദുൾ ഖാദർ വാഴക്കാല - 175
ജയ്സൺ തോമസ് -116
ബോസ്‌കോ കളമശേരി - 93
അശോകൻ - 78