കൊച്ചി: ദേശീയ അന്തർദേശീയ ഗണിതശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കാൻ പരിശീലനം നേടിയ കുട്ടികൾക്കായി എസ്.ഐ.പി അക്കാഡമി എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗണിതശാസ്ത്ര മത്സരം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലെ മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന 600ൽ പരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 11 മിനിറ്റിൽ 3 സെക്ഷനുകളിലായി 400 ഗണിതശാസ്ത്ര പ്രശ്‌നങ്ങളുടെ ഉത്തരമാണ് കുട്ടികൾ കണ്ടെത്തിയത്. മത്സരം സംഘടിപ്പിച്ച 18 ഇനങ്ങളിലെയും വിജയികളെ ചാമ്പ്യൻമാരായി തിരഞ്ഞെടുത്തു. എസ്.ഐ.പി അക്കാഡമി ഡയറക്ടർ ശ്രീഹരി തിരുമുൽപ്പാട്, നാഷണൽ മാനേജർ ഇ.ജി പ്രവീൺ, റീജണൽ മാനേജർ സിബി ശേഖർ, കേരള മേധാവി കെ.ടി പ്രശാന്ത്, ബിസിനസ് ഡവലപ്‌മെന്റ് ഓഫീസർ സെറിൻ സിറിയക്, മാസ്റ്റർ ട്രെയ്‌നർ നിഷ സുദീപ് ജോൺ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.