ആലുവ: ആലുവ - മൂന്നാർ സ്വകാര്യ ബസ് റോഡും ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡും നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ആലുവ നഗരത്തിനുള്ളിലെ റോഡുകൾക്കും വീതി കൂട്ടുന്നതിന് ഉന്നതതല യോഗത്തിൽ ഏകദേശ ധാരണയായി.
ആലുവ പവർഹൗസിൽ നിന്ന് ഗവണ്മെന്റ് ആശുപത്രി കവല, കാരോത്തുകുഴിവഴി പുളിഞ്ചോട് വരെയുള്ള റോഡ്, കാരോത്തുകുഴിയിൽ നിന്ന് മാർക്കറ്റ് റോഡുവഴി ഹൈവേയുമായി ബന്ധിപ്പിക്കും. ഈ റോഡുകൾക്ക് വീതികൂട്ടും. അത് 18.5 മീറ്ററോ 13.5 മീറ്ററോ വേണ്ടതെന്ന് കിഫ്ബി അന്തിമതീരുമാനം എടുത്തിട്ടില്ല. മാതാ ജംഗ്ഷനിൽ നിന്ന് സീനത്ത് വഴി പവർഹൗസ് ജംഗ്ഷനിലേക്ക് വരുന്ന റോഡ് 13.5 മീറ്റർ വീതി കൂട്ടാൻ പരിഗണിക്കുന്നുണ്ട്.
ആലുവ ബൈപാസ് മുതൽ പമ്പുകവലവരെ 13.5 മീറ്റർ ആണ് ഉദ്ദേശിക്കുന്നത്. ഈ റോഡിന്റെ ഭൂരിഭാഗവും 13.5 മീറ്റർ ഉള്ളതിനാൽ കുറച്ചുഭാഗം മാത്രമേ വീതികൂട്ടേണ്ട ആവശ്യമുള്ളൂ. നഗരത്തിലെ രണ്ട് റെയിൽവേ ഓവർ ബ്രിഡ്ജുകളും വീതി കൂട്ടേണ്ടി വരുമെന്ന് പരിശോധനയിൽ വ്യക്തമായി. നഗരത്തിലെ പ്രധാന എല്ലാ ജംഗ്ഷനുകളും നവീകരിക്കും. കൂടാതെ പമ്പ് കവല മുതൽ റെയിൽവേ സ്റ്റേഷൻ വഴി ഹോസ്പിറ്റൽ ജംഗ്ഷൻ വരെയുള്ള റോഡ്, സീനത്ത് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ്, മാർക്കറ്റ് മുതൽ ഫയർ സ്റ്റേഷൻ വഴി ബാങ്ക് കവല വരെയുള്ള റോഡ് എന്നിവയുടെ നവീകരണത്തിന്റെ ഭാഗമായി കാനകളുടെ പുനരുദ്ധാരണവും ടൈൽ വിരിച്ച് നടപ്പാത ഒരുക്കുന്ന കാര്യവും കിഫ്ബിയുടെ പരിഗണനയിലുണ്ട്.
ഇതോടൊപ്പം ദേശം ചൊവ്വര വല്ലംകടവ് റോഡ് വീതി കൂട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. ഈ റോഡിലെ ഗതാഗതത്തിന്റെ വ്യാപ്തി പരിശോധനയിലാണ്. അത് പൂർത്തീകരിച്ചതിനുശേഷമേ എത്ര മീറ്റർ വീതി കൂട്ടണമെന്ന് തീരുമാനിക്കുകയുള്ളൂ.