നെടുമ്പാശേരി: വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ച് റെയിൽവെ കരാറുകാരന്റെ അക്കൗണ്ടിൽ നിന്നും 29,000 രൂപ തട്ടിയെടുത്തു. അത്താണി എയർപോർട്ട് കവലയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് കഴിഞ്ഞ 21നാണ് തട്ടിപ്പു നടന്നത്. നെടുവന്നൂർ സ്വദേശി കെ.കെ.ബിജുവിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഫെഡറൽ ബാങ്കിന്റെ നെടുമ്പാശേരി ബ്രാഞ്ചിലാണ് ബിജുവിന്റെ അക്കൗണ്ട്. 21ന് വൈകീട്ട് നാലിന് ശേഷം എയർപോർട്ട് കവലയിൽ ദേശീയ പാതയ്ക്കരികിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് മൂന്നു തവണയായാണ് പണം പിൻവലിച്ചിട്ടുള്ളത്. എ ടി. എം കാർഡ് തന്റെ പക്കലാണ് ഉണ്ടായിരുന്നതെന്ന് ബിജു പറഞ്ഞു. എ ടി. എമ്മിലെ സിസിടിവിയിൽ തട്ടിപ്പുകാരൻ പതിഞ്ഞെങ്കിലും, മുഖം മറച്ചിരുന്നതിനാൽ വ്യക്തമല്ല. ചെങ്ങമനാട് പൊലീസിൽ പരാതി നൽകി. പൊലീസ് എ.ടി.എം കൗണ്ടറിലും, ബാങ്കിന്റെ അത്താണി ശാഖയിലുമെത്തി പരിശോധന നടത്തി. എ.ടി.എമ്മുകൾ കേന്ദ്രീകരിച്ച് പണം തട്ടുന്ന പ്രൊഫഷണൽ സംഘങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് സംശയിയ്ക്കുന്നു.