കൊച്ചി: ഗോളി അമിരീന്ദർ സിംഗിന്റെ ഇടതു കൈ തട്ടിയകറ്റിയത് ബ്‌ളാസ്‌റ്റേഴ്സിന്റെ സമനില സ്വപ്നങ്ങൾ. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ കേരള ബ്ളാസ്‌റ്റേഴ്സ് ക്യാപ്‌ടൻ ഒഗുബെച്ചേയുടെ ഷോട്ട് ഗോളാകാതിരുന്നതോടെ മുംബയ് എഫ്.സി. എതിരില്ളാത്ത ഒരു ഗോളിന് ആദ്യ മത്സരത്തിൽ തന്നെ വിജയം രുചിച്ചു. അവസാനനിമിഷങ്ങളിൽ ഗോൾ വഴങ്ങുന്ന 'ഭൂതം" ഇത്തവണയും ബ്ളാസ്‌റ്റേഴ്സിനെ വിട്ടൊഴിഞ്ഞില്ല. 82 ാം മിനിട്ടു വരെ ഗോൾ രഹിത സമനില. സ്വന്തം ബോക്സിൽ ഏഴ് ബ്ളാസ്‌റ്റേഴ്സ് താരങ്ങൾ. ഒരിക്കലും അപകടകാരിയല്ലാത്ത നീക്കം തടയാൻ വൈകിയത് അമീനെ ചെർമ്മിറ്റി മുതലാക്കിയപ്പോൾ മുംബയ് സിറ്റി എഫ്.സി മുന്നിലെത്തി. കടലല പോലെ ആർത്തിരമ്പിയ മഞ്ഞപ്പടയുടെ മുഖത്ത് നിരാശയുടെ വേലിയേറ്റം. പിന്നീട് തുടരെ തുടരെ അക്രമിച്ച് കളിച്ചെങ്കിലും ബ്ളാസ്‌റ്റേഴ്സിന് ഗോളടിക്കാനായില്ല. ഐ.എസ്.എല്ലിൽ സ്വന്തം തട്ടകത്തിൽ മുംബയ് എഫ്.സിയോട് ആദ്യമായാണ് തോൽക്കുന്നത്.ആദ്യ പകുതിയിൽ സൈഡ് ബഞ്ചിലിരുന്ന സഹൽ അബ്‌ദുൾ സമദിനെ 77 ാം മിനിട്ടിൽ ഷട്ടോരി കളത്തിലിറക്കിയതോടെ മികച്ച മുന്നേറ്റങ്ങൾ പിറന്നു. എന്നാൽ, സമയം വൈകിയിരുന്നു. മുംബയ് വിജയം പിടിച്ചെടുത്തു.
എ.ടി.കെയ്‌ക്കെതിരെ വിജയം കൊയ്‌ത അതേ ടീമിനെ ഇറക്കിയായിരുന്നു ബ്ളാസ്‌റ്റേഴ്സ് പരിശീലകൻ എൽകോ ഷട്ടോരിയുടെ തന്ത്രങ്ങൾ. ഇതോടെ മലയാളി താരം സഹൽ അബ്ദുൾ സമദ് പകരക്കാരുടെ ബഞ്ചിലിരുന്നു. ആദ്യ മിനിട്ടിൽ തന്നെ പ്രശാന്തിന്റെ ഷോട്ട് തലനാരിഴ വ്യത്യാസത്തിൽ ഗോൾ പോസ്‌റ്റുരുമ്മി പുറത്തേക്ക്. നാലാം മിനിട്ടിൽ മുംബയുടെ ടുണിഷ്യൻ ഇന്റർനാഷണൽ താരം അമിനെ ചെർമ്മിറ്റി ബ്ളാസ്‌റ്റേഴ്സ് ഗോളി ബിലാൽ ഖാനെ പരീക്ഷിച്ചെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. പിന്നീട് മിഡ്ഫീൽഡിൽ മുംബെയുടെ ആധിപത്യം നിറഞ്ഞ കളിയാണ് കാണാനായത്. 16 ാം മിനിട്ടിൽ ഡീഗോ കാർലോസിന്റെ ക്രോസ് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയത് ബ്ളാസ്‌റ്റേഴ്സിനെ വീണ്ടും രക്ഷപ്പെടുത്തി. 25ാം മിനുട്ടിൽ ബ്ളാസ്‌റ്റേഴിന് അനുകൂലമായ ലഭിച്ച ഫ്രീകിക്ക് ഒഗ്ബെച്ചേ ഹെഡറിന് ശ്രമിച്ചെങ്കിലും കണക്‌ട് ചെയ്യാനായില്ല. മനോഹരമായ ഒരു ഫ്രീകിക്കായിരുന്നു അത്.
കഴിഞ്ഞ സീസണുകളിൽ ബ്ളാസ്‌റ്റേഴ്സിനെതിരെ ഗോളടിച്ചു കൂട്ടിയ മോഡു സുകുവിനെ മുംബയ് കളത്തിലിറക്കി. ഒപ്പം പ്രദീപ് ചൗധരിയും. 44, 45 മിനിട്ടുകളിൽ ഫ്രീകിക്കും കോർണറും ബ്ളാസ്‌റ്റാഴേസിന് ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ ഗോളായില്ല. ആദ്യ പകുതിയിൽ ബ്ളാസ്‌റ്റേഴ്സിന്റെ മനോഹരമായ രണ്ടു മുന്നേറ്റങ്ങളായിരുന്നു ഇത്. ഫ്രീകിക്കിൽ ജെയ്‌റോ റോഡ്രിഗസിന്റെ ഹെഡർ മുംബയ് ഗോളി അമരീന്ദർ തട്ടിയകറ്റി. കോർണർ കണക്‌ട് ചെയ്‌ത മുസ്‌തഫ് ഞിങിന്റെ ഷോട്ട് ഗോളെന്ന് ഉറപ്പിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തു പോയി. ബ്ളാസ്‌റ്റേഴ്സ് മുൻ താരവും മലയാളിയുമായ സി.കെ. വിനീതും കളികാണാൻ സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു.