-v-k-ibrahim-kunju

കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പങ്കാളിത്തം അന്വേഷിക്കാൻ അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം സർക്കാരിന്റെ അനുമതി തേടി അപേക്ഷ നൽകിയതായി വിജിലൻസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് നൽകിയ ജാമ്യാപേക്ഷയിൽ വിജിലൻസ് ഡിവൈ.എസ്.പി വി. ശ്യാം കുമാറാണ് റിപ്പോർട്ട് നൽകിയത്.

മൊബിലൈസേഷൻ അഡ്വാൻസ് നൽകാനുള്ള ഗൂഢാലോചനയെക്കുറിച്ചും, സർക്കാർ ഉത്തരവിന് കാരണക്കാരനായ ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ചുമാണ് അന്വേഷണം വേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. സൂരജ് ഉൾപ്പെടെയുള്ളവർ അഴിമതി നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സൂരജിന്റെ അടുപ്പക്കാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ലഭിച്ച രേഖകൾ വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം വേണം. പത്ത് സാക്ഷികളുടെ മൊഴി കൂടി രേഖപ്പെടുത്തി. റവന്യു വകുപ്പ്, രജിസ്ട്രേഷൻ ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകൾ പരിശോധിച്ചു വരുന്നു. സൂരജിന്റെ മകൻ സ്വത്തു വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. ചമ്രവട്ടം പാലം അഴിമതിക്കേസിൽ സൂരജിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു.