• വിജിലൻസ് പരിശോധനയ്ക്കെത്തി • റിപ്പോർട്ട് ഉടനെ സമർപ്പിക്കും

• കാന പണിയിലും റോഡ് പണിയിലും തട്ടിപ്പ് കണ്ടെത്തി

ഇടപ്പള്ളി: പൊടിമഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന ഇടപ്പള്ളി പോണേക്കര ധന്യലൈനിലെ കാന, റോഡ് നിർമ്മാണത്തിൽ അടിമുടി അഴിമതിയെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

പ്രദേശവാസികളുടെ പരാതികൾ തള്ളിയ കൊച്ചി കോർപ്പറേഷൻ അധികൃതർ ഇതോടെ വെട്ടിലായി. വിജിലൻസ് വിഭാഗം ഇൻസ്‌പെക്ടർ എം.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.

വിജിലൻസ് റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ കൈമാറും. കരാർ പ്രകാരമുള്ള നീളവും ആഴവും കാനക്കില്ല. റോഡ് പണിയിലും ഗുണനിലവാരമില്ലെന്നും വ്യക്തമായി. 150 മീറ്റർ റോഡിൽ 2018 മാർച്ചിലാണ്‌ കാന പണിയും ടാറിംഗും നടന്നത്. അര മീറ്ററോളം ആഴത്തിൽ 150 മീറ്റർ നീളത്തിലാണ് കാന പണിയേണ്ടത്. എന്നാൽ നൂറു മീറ്ററോളമേ നിർമ്മിച്ചുള്ളൂ. ആഴവും കുറവാണ്. പൂർത്തിയാക്കാത്ത കാനയ്ക്ക്
6,52,000 രൂപ കരാറുകാരന് നൽകിയിട്ടുണ്ട്.

16 ലക്ഷം മുടക്കിയ റോഡു പണിക്കും ഇതാണവസ്ഥ. ടാറിംഗിന് തീരെ നിലവാരമില്ല. വേണ്ട രീതിയിൽ ബലപ്പെടുത്താതെ ടാർ മിശ്രതം റോഡിൽ നിരത്തുകയായിരുന്നു. പണികഴിഞ്ഞ പാടെ ടാർ ഇളകി
തുടങ്ങിയതായി പരിസരവാസികൾ വിജിലൻസ് സംഘം മുൻപാകെ പരാതിപ്പെട്ടു. പണി നടക്കുമ്പോൾ തന്നെ സ്ഥലവാസികൾ നഗരസഭാ അധികൃതരോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
റോഡ്, കാന നിർമ്മാണത്തിലെ പാളിച്ച മൂലം മറ്റു കാനകളിൽ നിന്നുള്ള വെള്ളം ഇപ്പോൾ ഒഴുകി ഇവിടേയ്ക്ക് എത്തുന്നുമുണ്ട്. പ്രാഥമിക പരിശോധന റിപ്പോർട്ട് നവംബർ ഒന്നിന് മുമ്പ് ഡയറക്ടർക്കു
സമർപ്പിക്കുമെന്ന് ഇൻസ്‌പെക്ടർ എം .സുരേന്ദ്രൻ പറഞ്ഞു. ഇടപ്പള്ളി സ്വദേശി പി.ആർ.ബിജിൻ വിജിലൻസ് ഡയറക്ടർക്കു നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

തെറ്റ് ചെയ്തിട്ടില്ല

റോഡിന്റെ നിലയനുസരിച്ചാണ് കാന പണിതത്. കൗൺസിലറുടെ നിർദേശങ്ങളും പാലിച്ചു. പാതിവഴിയിൽ കാന നിർമ്മാണം അവസാനിപ്പിച്ചത് അവിടുത്തെ സാഹചര്യങ്ങൾ കൊണ്ടാണെന്നും അവർ പറഞ്ഞു.

പി.ജെ സ്മിത,നഗരസഭാ അസി. എക്സിക്യൂട്ടീവ് എൻജിനിയർ

ധന്യ ലൈൻ ദുരിത ലൈൻ

കാന പണിക്ക് ശേഷം ഓരോ മഴയിലും റോഡിൽ നിന്ന് വെള്ളം വീടുകളിലേക്ക് കയറുന്ന സ്ഥിതിയാണ് ധന്യലൈനിൽ. റോഡിലൂടെ നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥ. ടൈൽ
വിരിച്ചു റോഡ് ഉയർത്തി താരമെന്നാണ് കൗൺസിലർ പറയുന്നതെന്നും അവർ വ്യക്തമാക്കി.


ചിത്രം -പരാതികൾക്കുയിടയായ കാന .(മെയിലിൽ)