കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ നേതൃത്വത്തിൽ നവംബർ 1 മുതൽ 3 വരെ കൊച്ചിയിൽ അന്താരാഷ്ട്രാ വനിതാ ചലച്ചിത്രമേള ഒരുക്കുന്നു. എറണാകുളം സെന്റ്തെരേസാസ് കോളേജാണ് വേദി. ദേശീയ പുരസ്കാര ജേതാവും നടിയുമായ സീമ ബിശ്വാസാണ് മേളയുടെ ഡയറക്ടർ

1 ന് രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശ്രീലങ്കൻ നടിയും സംവിധായകയും കഴിഞ്ഞ വർഷത്തെ രജതചകോരം ജേതാവുമായ മാലിനി ഫൊൻസേക , മേയർ സൗമിനി ജയ്ൻ, സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ വിനിത തുടങ്ങിയവർ പങ്കെടുക്കും.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള വനിതാ സംവിധായകരുടെ ഏറെ ചർച്ച ചെയ്യപ്പെട്ട 11 സിനിമകളാണ് മേളയുടെ പ്രധാന പ്രത്യേകത. ലെബനൻ, തുർക്കി , ഈജിപ്ത് , പാലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അറബ് സിനിമകൾ അറബിക് ഫോക്കസ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തിൽ അപർണസെന്നിന്റെ മൂന്ന് സിനിമകളും ഉണ്ട്. മേളയോടനുബന്ധിച്ച് 1, 2 തീയതികളിൽ വി.എഫ്.എക്സ് വർക്ക്ഷോപ്പും, എം.ജെ.രാധാകൃഷ്ണൻ മെമ്മോറിയൽ ഫോട്ടോഗ്രാഫിക് വർക്ഷോപ്പും നടക്കും. .സമാപന ദിവസമായ 3 ന് വെെകിട്ട് 6 നടക്കുന്ന ചടങ്ങിൽ നടൻ മധുവിനെ മാക്ട ലെജൻഡ് ഹോണർ പുസ്കാരം നൽകി ആദരിക്കും. മാക്ട ചെയർമാൻ ജയരാജ്, ജനറൽ സെക്രട്ടറി സുന്ദർദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.