പറവൂർ: ദേശീയപാത 66 ലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ വരാപ്പുഴ പാലം കടന്നുകിട്ടാൻ ഒരുപാട് വിഷമിക്കണം. വരാപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇതുകൂടാതെയാണ് എസ്.എൻ.ഡി.പി കവലയിലെ ഗതാഗതക്കുരുക്കും.
പാലത്തിനോട് ചേർന്ന ഏതാണ്ട് നൂറുമീറ്ററിനടത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയായിക്കിടന്നിട്ട് മാസങ്ങളായി. വാഹനങ്ങൾ പതുക്കെ കടന്നുപോകുന്നതിനാൽ തിരക്കുള്ള സമയത്ത് ഒരു കിലോമീറ്ററോളം ദൂരം ഇരുഭാഗത്തും വാഹനങ്ങൾ കുരുക്കിൽപ്പെടും. ഏറെ സമയമെടുത്താണ് വാഹനങ്ങൾ ഇവിടെ കടന്നുപോകുന്നത്. കണ്ടെയ്നർ ലോറികൾ ഉപ്പെടെയുള്ള വലിയ വാഹനങ്ങൾ നിരങ്ങി നീങ്ങുന്നതോടെ മറ്റു വാഹനങ്ങളും വഴിയിൽ കുടുങ്ങും. രാവിലെയും വൈകിട്ടും പാലത്തിന്റെ ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും. റോഡിലെ കുഴിയിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞുവീഴുന്നതും പതിവുകാഴ്ചയാണ്. എറണാകുളത്തുള്ള ആശുപത്രികളിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസുകൾ വഴിമാറിപ്പോകേണ്ട അവസ്ഥയിലാണ്. പാലത്തിന്റെ മറുഭാഗത്ത് അപ്രോച്ച് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതതടസം സൃഷ്ടിക്കുന്നുണ്ട്.