പറവൂർ: പ്രളയത്തിൽ തകർന്ന ദേശീയപാത 66 പുനർനിർമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി വി.ഡി.സതീശൻ എം.എൽ.എ അറിയിച്ചു. മൂത്തകുന്നം മുതൽ ചേരാനല്ലൂർ സിംഗ്നൽ വരെയുള്ള ഭാഗമാണ് പുനർനിർമ്മിക്കുന്നത്. പറവൂർ മേഖലയിലെ പെതുമരാമത്ത് വകുപ്പ് റോഡുകൾ ഗുണനിലവാരമുള്ളതാണ്. എന്നാൽ ദേശീയപാതയുടെ സ്ഥിതി ഇതല്ല. നാല് വർഷം മുമ്പാണ് ദേശീയപാത പുനരുദ്ധാരണ പ്രവൃത്തികൾ നടന്നിട്ടുള്ളത്. ഇതിനുശേഷം കേന്ദ്രഫണ്ട് ലഭിച്ചിട്ടില്ല.

ദേശീയപാതയുടെ പുനർനിർമ്മാണത്തിനായി 20 കോടി രൂപ അനുവദിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ദേശീയപാത ചീഫ് എൻജിനിയർ പ്രദേശത്തെ റോഡ് പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിനുള്ള പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിനു സമർപ്പിച്ചു. ഭരണാനുമതി കിട്ടിയശേഷം സാങ്കേതികാനുമതി ലഭ്യമാക്കി ഡിസംബറിൽ ദേശീയപാത ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കാൻ സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.