അങ്കമാലി: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രതിഷേധിച്ച് റോജി എം. ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കോൺഗ്രസ് പ്രവർത്തകരും പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ ഉപരോധ സമരം നടത്തി. 15 കോടി രൂപ അനുവദിച്ച അങ്കമാലി - മഞ്ഞപ്ര - മലയാറ്റൂർ റോഡിന്റെ പണികൾ ആരംഭിക്കാത്തതും കാലടി പാലത്തിന് സമീപം റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ മൂലം കാലടിയിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം.
മുൻ എം.എൽ.എ പി.ജെ. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൽസ സേവ്യർ, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാക്യഷ്ണൻ, ഡി.സി.സി സെക്രട്ടറിമാരായ സെബി കിടങ്ങേൻ, ഷൈജോ പറമ്പി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി എന്നിവർ പ്രസംഗിച്ചു. തുടർ നടപടി ഉടനെ സ്വീകരിക്കാമെന്ന ചീഫ് എൻജിനിയറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.