കൊച്ചി: ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കി മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷിസംഘത്തെ നിയോഗിക്കണമെന്ന് ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി.പി.സി.എല്ലിന്റെ 53.29 ശതമാനം ഓഹരി വിൽക്കുന്നതോടെ വലിയ നഷ്ടം സംസ്ഥാനത്തിനുണ്ടാകും. കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അടിയന്തരമായി അറിയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ പി.ജെ. ജോയ്, വി.പി. ജോർജ്, പി.ടി. പോൾ, എം.എം. രാജു, ടി.കെ. രമേശൻ, തോമസ്‌ കെന്നഡി, സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.