പറവൂർ : ഡി. രാജ്കുമാർ പറവൂർ നഗരസഭയുടെ പുതിയ ചെയർമാനാകും. ഇന്നലെ കൂടിയ പാർലമെന്ററി പാർട്ടിയോഗത്തിലാണ് തിരുമാനം. 30ന് ചെയർമാൻ രമേഷ് ഡി. കുറുപ്പ് രാജിവെയ്ക്കും. പതിനഞ്ച് ദിവസത്തിനുള്ള പുതിയ ചെയർമാൻ തിരഞ്ഞെടുപ്പുണ്ടാകും. രാജ്കുമാറിന് ആറു മാസത്തേയ്ക്കാണ് ചെയർമാൻ സ്ഥാനം. പിന്നീടുള്ള ആറു മാസം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലാകും ചെയർമാൻ.
യോഗത്തിൽ കൗൺസിലർമാർ കൂടാകെ വി.ഡി. സതീശൻ എം.എൽ.എ, കെ.പി. ധനപാലൻ എന്നിവർ പങ്കെടുത്തു. രണ്ട് മാസം മുമ്പ് രമേഷ് ഡി. കുറുപ്പിനെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. ഈ സമയത്ത് പാർട്ടിക്കുള്ളിലും ചെയർമാനെതിരെ കലാപകൊടി ഉയർന്നതാണ്. അന്ന് ഉണ്ടാക്കിയ ഒത്തുതീർപ്പ് ഫോർമുലയാണ് ഇപ്പോൾ നടപ്പാക്കുക.
മാല്യങ്കര കോളേജിൽ കെ.എസ്.യുവിലൂടെയാണ് രാജ്കുമാർ രാഷ്ട്രിയത്തിൽ വന്നത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായിട്ടുണ്ട്. നിലവിൽ കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിയാണ്.
29 അംഗ കൗൺസിലിൽ യു.ഡി.എഫിന് 15ഉം, എൽ.ഡി.എഫിന് 13ഉം ബി.ജെ.പിക്ക് ഒരു അംഗവുമുണ്ട്.