കൊച്ചി : കമ്മട്ടിപ്പാടത്തു പത്തുവയസുകാരൻ റിസ്റ്റിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പുല്ലേപ്പടി ചെറുകര ലെയിനിൽ പൊന്നാശേരി വീട്ടിൽ അജി ദേവസ്യയ്ക്ക് (43) കോടതി ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കഠിന തടവ് അനുഭവിക്കണം. ലഹരി മരുന്നിനടിമയായ പ്രതി നേരത്തെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചെങ്കിലും കുറ്റകൃത്യം ചെയ്യുമ്പോൾ അജിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടു കൂടി പരിഗണിച്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ പരിധിയിൽ വരില്ലെന്ന് വിലയിരുത്തിയാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക പ്രതി നൽകിയാൽ റിസ്റ്റിയുടെ അമ്മയ്ക്ക് നൽകാനും വിധിയിൽ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണച്ചുമതലയുള്ള ജില്ലാ അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റിസ്റ്റിയുടെ മാതാപിതാക്കൾക്ക് കേരള വിക്ടിംഗ് കോമ്പൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് നിരീക്ഷിച്ച കോടതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ഇക്കാര്യം ശുപാർശ ചെയ്തിട്ടുമുണ്ട്.
കേസിങ്ങനെ
2016 ഏപ്രിൽ 26 ന് രാവിലെ 6.45 നാണ് ഒാട്ടോ തൊഴിലാളിയായ പുല്ലേപ്പടി പറപ്പിള്ളി ജോണിന്റെ മകൻ റിസ്റ്റിയെ പ്രതി കഴുത്തിലും തലയിലും കുത്തി വീഴ്ത്തിയത്. മുട്ട വാങ്ങാൻ കടയിലേക്ക് പോയ റിസ്റ്റിയെ തടഞ്ഞു നിറുത്തിയ പ്രതി 28 തവണ കുത്തി. ദൃക്സാക്ഷികളുടെ നിലവിളി കേട്ട് ഒാടിക്കൂടിയവർ റിസ്റ്റിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2016 മേയ് ഒന്നിന് റിസ്റ്റിയുടെ ആദ്യ കുർബനാ സ്വീകരിക്കൽ ചടങ്ങു നടത്താനിരിക്കെയാണ് കൊലപാതകം നടന്നത്. ജോണിന്റെ അയൽവാസിയായിരുന്ന അജി ലഹരി മരുന്നിന് അടിമയായിരുന്നു. ജോണിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വ്യക്തിയുമായി വഴക്കിട്ട അജി ഇയാളെ വീട്ടിൽനിന്ന് ഇറക്കി വിടാൻ ഒരിക്കൽ ജോണിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേട്ടില്ല. കഞ്ചാവ് ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന പ്രതി മറ്റൊരിക്കൽ 500 രൂപ ചോദിച്ചെങ്കിലും 100 രൂപ മാത്രമാണ് നൽകിയത്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കൂടുതൽ പണം നൽകിയില്ല. ഇതിലൊക്കെയുള്ള വൈരാഗ്യം നിമിത്തമാണ് റിസ്റ്റിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.