പള്ളുരുത്തി: കഴിഞ്ഞ 10 വർഷമായി ചെല്ലാനത്ത് തുടർന്ന് വരുന്ന കടലാക്രമണം തടയുന്നതിന് അധികാരികൾ യാതൊരു വിധ നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് തീരദേശ ജനത അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിക്കുന്നു. തിങ്കളാഴ്ച കമ്പനിപടിയിൽ ആരംഭിക്കുന്ന സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. നിരന്തര വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന എല്ലാസർക്കാരുകളുമാണ് ചെല്ലാനത്തെ കടലാക്രമണ ഭീഷണി ഇത്രയധികം രൂക്ഷമാകിയതിന്റെ കാരണമെന്നാണ് തീരദേശവാസികൾ പറയുന്നത്. സ്ഥലം എം.എൽ .എ 2018 ന് മുൻപ് കടലാക്രമണം തടയാനുള്ള എല്ലാ ജോലികളും പൂർത്തിയാക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയെങ്കിലും വെള്ളത്തിൽ വരച്ചവരയായി മാറി. നിലവിൽ കമ്പനിപടി, വേളാങ്കണ്ണി, ബസാർ, മറുവക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ കടൽഭിത്തി പൂർണമായും ഇല്ല. റിലേ നിരാഹാര സത്യാഗ്രഹത്തിൽ പഞ്ചായത്തിലെ വിവിധ സംഘടനങ്ങൾ ഐക്യദ്യാർഡ്യം പ്രഖ്യാപിച്ചതായി ഭാരവാഹികളായ മറിയാമ്മ, ഫിലോമിന, ജോർജ്, വിപിൻ, ജൂഡി, മേരി, ജോസഫ് എന്നിവർ അറിയിച്ചു.
വാഗ്ദാനങ്ങൾ മാത്രം ബാക്കി
# കടൽഭിത്തി തകർന്നതിനു ശേഷവും സർക്കാർ പരിഹാര നടപടിയും സ്വീകരിച്ചില്ല
#ജിയോ ട്യൂബ് സ്ഥാപിക്കാൻ തീരുമാനമായെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല
#കരാറെടുത്ത കോൺട്രാക്ടർ പണി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ ജില്ലാ ഭരണകൂടം ഇടപെട്ട് കരാർ റദ്ദാക്കി
#കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ 6 മാസം കൂടി പണി പൂർത്തീകരിക്കാൻ കോടതി കാലാവധി നീട്ടിക്കൊടുത്തു
#3 മാസം പിന്നിട്ടിട്ടും യാതൊരു ജോലികളും നടന്നില്ല
#ചെല്ലാനം ജനകീയവേദി
കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് കടലാക്രമണം രൂക്ഷമായിരുന്നു.കടൽഭിത്തി ഉള്ള സ്ഥലങ്ങളിൽ പലതും പൊളിഞ്ഞു വീണു. ഈ ഭാഗത്ത് കടൽ വെള്ളം കയറുന്നതിനാൽ കഴിഞ്ഞ ദിവസം നൂറോളം വീടുകൾ വെള്ളത്തിലായി. എന്നാൽ ഇത് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ സാഹര്യത്തിലാണ് ചെല്ലാനം ജനകീയവേദി എന്ന പേരിൽ സമര സമിതിക്ക് നാട്ടുകാർ രൂപം നൽകിയത്.