ആലുവ: ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഒഴിവാക്കുന്നതിനായി രണ്ടുവർഷം മുമ്പ് വിട്ടുനൽകിയ ഭൂമി വീണ്ടും തിരിച്ചുപിടിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ നീക്കം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞു. കിഴക്കെ കടുങ്ങല്ലൂർ കവലയിൽ റോഡിലേക്കിറക്കി മതിൽ കെട്ടാനുള്ള ഫിഷറീസ് വകുപ്പിന്റെ നീക്കം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് തടഞ്ഞത്.
വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ആറ് സെന്റ് ഭൂമിയാണ് പൊതുമരാമത്ത് വകുപ്പിന് വിട്ടുനൽകിയത്. ഇതനുസരിച്ച് റോഡ് വികസിപ്പിക്കുകയും പതിവായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ കാനയും നിർമ്മിച്ചു. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കാന ഫിഷറീസ് കോമ്പൗണ്ടിലാക്കി മതിൽകെട്ടാൻ കഴിഞ്ഞദിവസം നീക്കം നടത്തുകയായിരുന്നു.
കിഴക്കെ കടുങ്ങല്ലൂർ കവലയിൽ വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്ന നീക്കം അവസാനിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിനോ മോഹൻ, സീനിയർ മാനേജർ കെ.കെ. ലാജിത് എന്നിവർക്ക് നിവേദനം നൽകി. സമരത്തിന് വി.കെ. ഷാനവാസ്, ടി.കെ. ജയൻ, സുബ്രഹ്മണ്യൻ, രാമചന്ദ്രൻ, ടി.ബി. സജീവ്, ജനാർദനൻ നായർ, വി.പി. രാജീവ്, റോബ്‌സൺ എന്നിവർ നേതൃത്വം നൽകി.