ആലുവ: വീതി കുറവ് മൂലം വർഷങ്ങളായി ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിനെ വികസന പദ്ധതികളിൽ നിന്ന് ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.
ഏലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, പറവൂർ, വരാപ്പുഴ എന്നീ ഭാഗങ്ങളിലെ യാത്രക്കാരുടെ ദുരിതം അധികാരികൾ കണ്ടില്ലെന്ന് നടിക്കരുത്. ഇരു ദിശയിൽ നിന്നും വാഹനങ്ങൾ വന്നാലുണ്ടാകുന്ന കുരുക്ക് നിത്യകാഴ്ചയാണ്. നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും റോഡിന്റെ വീതി കൂട്ടാനുള്ള ഗൗരവപൂർവ്വമായ നടപടികൾ ഇപ്പോഴുമുണ്ടായിട്ടില്ല. ആലുവയുടെ പ്രവേശന കവാടമായ തോട്ടക്കാട്ടുകര ഭാഗത്ത് ഉണ്ടാകുന്ന കുരുക്ക് ടൗൺ വരെ നീളുന്ന സ്ഥിതിയാണ്.