കാലടി: കാലടി ടൗണിലെ കാനകളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഗാർഡുമാരെ ചുമതലപ്പെടുത്തും.ഗ്രാമ പഞ്ചായത്ത്, മർച്ചന്റ് അസോസിയേഷൻ, റസിഡന്റ് അസോസിയേഷൻ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ മഴയത്ത് ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് പഞ്ചായത്ത് യോഗം വിളിച്ചത്. കാനയിലേക്ക് പ്ലാസ്റ്റിക്, ഖര മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ടൗണിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. സന്നദ്ധ സംഘടനകൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന സേവന രംഗത്തെ തൽപ്പരരായ വ്യക്തികളെ വേതനം നൽകി മാലിന്യ നിക്ഷേപം നീരിക്ഷിക്കാൻഏർപ്പെടുത്താനും തീരുമാനമായി. കാനയിലേക്ക് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെടുത്തിയാൽ പാരിതോഷികം നൽകും.കുറ്റക്കാർക്കെതിരെ കനത്ത പിഴ ചുമത്തും .ആറ് മാസങ്ങൾക്ക് മുൻപ് ബിപിസിഎൽ പദ്ധതിയിൽ നവികരിച്ച കാനയിലേക്കാണ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലവും മാലിന്യവും തള്ളുന്നത്.