#കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സമഗ്ര പദ്ധതി

സ്വന്തം ലേഖിക

കൊച്ചി: ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ കൊച്ചി നഗരത്തെ നാണംകെടുത്തിയ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ തിരുവനന്തപുരത്തിന്റെ മാതൃകയിൽ ഓപ്പറേഷൻ അനന്ത എന്ന പേരിൽ സമഗ്ര പദ്ധതിക്ക് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. കൊച്ചി നഗരസഭാ അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെ‌ടുത്തു.

നേരത്തെ തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടു നീക്കാൻ ദുരന്ത നിവാരണ പദ്ധതി നടപ്പാക്കിയ മാതൃകകളുടെ അടിസ്ഥാനത്തിൽ കൊച്ചി നഗരത്തിന് പ്രത്യേകമായ പദ്ധതി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിട്ടി എക്‌സിക്യൂട്ടീവ് ഉടനെ ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' എന്ന അടിയന്തര പദ്ധതിയാണ് കഴിഞ്ഞ തിങ്കളാഴ്ച നടപ്പാക്കിയത്.

#അടുത്ത ഘട്ടം സമഗ്രമായ കർമ്മ പദ്ധതി

●മൂന്നുമാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും

●ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കും

●കനാലുകൾ സ്ഥിരമായി ശുചിയാക്കാനായി ബൃഹദ് പദ്ധതി കിഫ്ബി വഴി നടപ്പാക്കും.

# കുരുക്കിയത് ഡ്രെയിനേജ്

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, പി ആൻഡ് ടി കോളനി, ഉദയ കോളനി, അയ്യപ്പൻകാവ്, കലൂർ, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായത്. ഡ്രെയിനേജിലെ തകരാറുകളും സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതും വെള്ളക്കെട്ടിന് കാരണമായി. മുല്ലശേരി കനാൽ, പേരണ്ടൂർ കനാൽ, മാർക്കറ്റ് കനാൽ, ഇടപ്പള്ളി റോഡ് എന്നിവയിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാലിന്യങ്ങൾ നിറഞ്ഞ ഓടകളും ഓവുചാലുകളും സമയബന്ധിതമായി ശുചീകരിക്കുന്നതിന് നഗരസഭയ്ക്ക് ഒരു കർമ്മപദ്ധതി ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തെ കൃത്യമായി വൃത്തിയാക്കുന്ന കാര്യങ്ങളിൽ ഉത്തരവാദിത്ത നിർവഹണം പ്രധാനമാണ്. അതിൽ വന്ന വീഴ്ചയുടെ ഫലമായാണ് നഗരം വെള്ളത്തിൽ മുങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

# വെള്ളം ഒഴുകാൻ മാർഗമില്ല

നിർമാണ പ്രവർത്തനം വർദ്ധിച്ചതിന്റെയും സൗന്ദര്യവത്ക്കരണത്തിന്റെയും ഭാഗമായി വെള്ളം ഇറങ്ങുന്നതിനുള്ള തടസങ്ങൾ ബന്ധപ്പെട്ടവർ യോഗത്തിൽ വിശദീകരിച്ചു. കനാലുകളുടെ നവീകരണത്തിനും ശുചീകരണത്തിനും കൊച്ചി നഗരസഭ സ്വീകരിച്ച നടപടികളും നിലവിലെ സ്ഥിതിയും യോഗത്തിൽ ചർച്ച ചെയ്തു.

വെള്ളക്കെട്ടിന്റെ പ്രശ്നവും നഗരസഭ ചെയ്ത കാര്യങ്ങളും മേയർ സൗമിനി ജെയിൻ വിശദീകരിച്ചു. മന്ത്രി എ.സി. മൊയ്തീൻ,ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ജില്ല കളക്ടർ എസ്.സുഹാസ് ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.