#മാഞ്ഞാലി റൂട്ടിലുള്ള അവസാന ബസും ട്രിപ്പ് മുടക്കുന്നു
ആലുവ: രാത്രി സമയങ്ങളിൽ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് മാഞ്ഞാലി റൂട്ടിൽ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ആലുവയിൽ നിന്നും രാത്രി ഒമ്പതിന് ശേഷമുള്ള മാഞ്ഞാലി ബസിന്റെ പെർമിറ്റ് അധികൃതർ നേരത്തെ മാറ്റി നൽകിയതിന് പിന്നാലെയാണ് മറ്റൊരു ബസും അനധികൃതമായി ട്രിപ്പ് മുടക്കുന്നത്. നിലവിൽ എട്ടുമണിക്ക് ശേഷം കിംഗ് ഒഫ് കിംഗ്സ് എന്ന ബസാണ് അവസാനം മഞ്ഞാലിയിലേക്ക് സർവീസ് നടത്തുന്നത്. നാളുകളായി ഇവർ അവസാന ട്രിപ്പ് ഒഴിവാക്കുകയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. നേരത്തെ എരമല്ലൂരിൽ നിന്ന് മാഞ്ഞാലിയിലേക്ക് സർവീസ് നടത്തുന്ന ഹോളി മേരി ബസും ഉണ്ടാകാറില്ല. നിലവിൽ ഏഴരക്കുള്ളിൽ മാഞ്ഞാലി ഭാഗാത്തേക്കുള്ള ബസുകൾ നിൽക്കുന്ന അവസ്ഥയാണ്. അവസാന ട്രിപ്പ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ ട്രിപ്പുകൾ നിർത്തിയതിനെതിരെ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലാവുകയാണ്. അവധി ദിനങ്ങളിൽ സ്വകാര്യ ബസുകൾ ട്രിപ്പ് പൂർണമായി മുടക്കുന്നുമുണ്ട്.
# ആനവണ്ടി സർവീസ് നിർത്തിയത് സ്വകാര്യ ബസുകൾ കാരണം
വർഷങ്ങളായി ആലുവയിൽ നിന്നും ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ നഷ്ടത്തിന്റെ പേരിൽ നിർത്തി. ഈ റൂട്ടിൽ താത്ക്കാലിക പെർമിറ്റ് നേടിയ ചില സ്വകാര്യ ബസുകാർ സമയം തെറ്റിച്ച് കെ.എസ്.ആർ.ടി.സി ബസുകൾക്ക് തൊട്ട് മുമ്പിലായി സർവീസ് നടത്തിയാണ് കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കിയത്.