കൊച്ചി: സന്യാസിമാർ സമൂഹത്തിന് പ്രചോദനം പകർന്നും മാർഗദർശനം നൽകിയും ഇറങ്ങി പ്രവർത്തിക്കാനും പെരുമാറാനും കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാർഗദർശക് മണ്ഡലം സംഘടിപ്പിച്ച സന്യാസി സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി.
ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചു കുടുംബഭദ്രത നിലനിറുത്തുന്നതിൽ സന്യാസിമാർക്കും വിശ്വാസത്തിനും വലിയ പങ്കുണ്ടെന്ന് സ്വാമി പറഞ്ഞു. യുവാക്കളിലെ ലഹരി ഉപയോഗം ഭീതിപ്പെടുത്തുന്ന തരത്തിൽ വർദ്ധിക്കുന്നതിനെ പ്രതിരോധിക്കാൻ സന്യാസിമാർ ഗ്രാമങ്ങളിലേക്കും കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെന്നു ബോധവത്കരണപരിപാടികളും സമ്പർക്കങ്ങളും നടത്തണമെന്നും സ്വാമി പറഞ്ഞു.
പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സന്യാസി സമ്മേളനത്തിൽ പ്രജ്ഞാനാനന്ദ തീർത്ഥപാദർ, അദ്യാത്മാനന്ദ സരസ്വതി, പരമാനന്ദപുരി, ഗൗഡപാദാനന്ദ സരസ്വതി, സദ്‌സ്വരൂപാനന്ദ സരസ്വതി, ഋതാനന്ദപുരി തുടങ്ങിയവർ പങ്കെടുത്തു.