sports
ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനായി റുമാനിയയിലേയ്ക്ക് പോകുന്ന താരങ്ങളായ മധു മാധവ്, ആർദ്ര സുരേഷ് എന്നിവർക്ക് എൽദോ എബ്രഹാം എം.എൽ.എ നേതൃത്വത്തിൽ യാത്രയയപ്പ് നൽക്കുന്നു.

മൂവാറ്റുപുഴ: പഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴയിൽ നിന്നും ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനായി റുമാനിയയിലേയ്ക്ക് പോകുന്ന താരങ്ങളായ മധു മാധവ്, ആർദ്ര സുരേഷ് എന്നിവർക്ക് യാത്രയയ്പ്പ് നൽകികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പഞ്ചഗുസ്തിയ്ക്ക് സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിന്റെ ചിലവ് പൂർണ്ണമായും താരങ്ങൾ തന്നെ വഹിക്കേണ്ട സ്ഥിതിയാണ്. കഴിവുണ്ടായിട്ടും സാമ്പത്തീക പ്രതിസന്ധിയുള്ള മികച്ച താരങ്ങൾക്ക് ഇത് തിരിച്ചടിയാകുകയാണ്. പഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്തിയാൽ മറ്റ് കായിക താരങ്ങൾക്ക് ലഭിക്കുന്നത് പോലെ ഇവരുടെയും മത്സര ചിലവ് സർക്കാരിന് വഹിക്കാനാകും.താരങ്ങളെ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. 26 മുതൽ നവംമ്പർ 4 വരെ റൊമേനിയയിലെ കോൺസ്റ്റൻന്റായിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇവർ മത്സരിക്കുന്നത്. മുവാറ്റുപുഴ വാഴക്കുളം കാവന ഇടകുടിയിൽ മധു മാധവ് 70 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിലും, റൈറ്റ് വിഭാഗത്തിലും, മുവാറ്റുപുഴ നിർമ്മല സ്‌കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ആർദ്ര സുരേഷ് സബ് ജൂനിയർ വിഭാഗത്തിൽ ലെഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ഇന്നലെ വൈകിട്ട് 7.30ന് നെടുംബാശേരിയിൽ നിന്നും താരങ്ങൾ റുമാനിയയിലേയ്ക്ക് പുറപ്പെട്ടു. ചടങ്ങിൽ നിർമ്മല ഹയർസെൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം അദ്ധ്യക്ഷത വഹിച്ചു.