നെടുമ്പാശേരി: മുഴുവൻ ചാർജും നൽകാത്തതിന്റെ പേരിൽ സ്വകാര്യബസ് ജീവനക്കാർ എൻജിനിയറിംഗ് വിദ്യാർത്ഥിനികളെ പെരുവഴിയിൽ ഇറക്കിവിട്ടതായി പരാതി. അങ്കമാലി - പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരാണ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത്.
വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. കാലടി ശ്രീശങ്കര എൻജിനിയറിംഗ് കോളേജിൽ പഠിക്കുന്ന അടുവാശേരി സ്വദേശിനികളായ രണ്ട് വിദ്യാർത്ഥിനികളോടാണ് ബസ് ജീവനക്കാർ മോശമായി പെരുമാറിയത്. ക്ലാസ് കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനികളോട് മുഴുവൻ ചാർജും നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. കോളേജ് യൂണിഫോം ധരിച്ചിരുന്ന വിദ്യാർത്ഥിനികൾ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ബസ് ജീവനക്കാർ വഴങ്ങിയില്ല. എന്നാൽ കൺസെഷൻ തരാൻ പറ്റില്ലെന്ന് പറഞ്ഞ് ഇവരെ ബസ് സ്റ്റോപ്പ് പോലും ഇല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. വിദ്യാർത്ഥിനികൾ വീട്ടിലെത്തി രക്ഷിതാക്കളുമായി ചെങ്ങമനാട് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതി പരിശോധിച്ച് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചെങ്ങമനാട് എസ്.എച്ച്.ഒ ആർ. രഗീഷ് കുമാർ പറഞ്ഞു.