കൊച്ചി : റിസ്റ്റിയെ കൊന്നതു താനല്ലെന്നും പ്രതിയെ കണ്ടാൽ തനിക്കു തിരിച്ചറിയാൻ കഴിയുമെന്നുമുള്ള അജി ദേവസ്യയുടെ വാദം തള്ളിയാണ് കോടതി ശിക്ഷ വിധിച്ചത്. റിസ്റ്റിക്ക് കുത്തേൽക്കുന്നത് കണ്ട് താൻ ഓടിയെത്തിയപ്പോൾ കുട്ടിയെ തന്റെ നേരെ പിടിച്ചു തള്ളിയശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്നുമായിരുന്നു അജിയുടെ വാദം. എന്നാൽ പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴി ഇതിനു വിരുദ്ധമായിരുന്നു. കുട്ടിയെ കുത്തുന്നതു കണ്ടു നിലവിളിച്ചവരും ഓടിക്കൂടിയവരും പ്രതിക്കെതിരെ മൊഴി നൽകിയിരുന്നു. ഇവയും മറ്റു തെളിവുകളും പരിശോധിച്ച കോടതി അജിയാണ് കൊല നടത്തിയെന്നതിൽ സംശയമില്ലെന്ന് വിലയിരുത്തി.
2015 ഡിസംബറിൽ അജിയെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ പ്രതിഭാഗം അജിയുടെ മനോനില തകരാറിലാണെന്ന വാദം ഉന്നയിച്ചു. എന്നാൽ ഇയാളെ 2016 ഫെബ്രുവരിയിൽ രോഗം ഭേദമായതിനെത്തുടർന്ന് വിട്ടയച്ചെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വാദം കോടതി തള്ളി.
വിചാരണ വേളയിൽ മനോനില തെറ്റിയ തരത്തിൽ പ്രതി ഒരിക്കലും പെരുമാറിയിട്ടില്ലാത്തതിനാൽ സൈക്കാട്രിസ്റ്റിനെയോ ക്ളിനിക്കൽ സൈക്കോളജിസ്റ്റിനെയോ കാണിക്കാൻ നിർദ്ദേശിക്കേണ്ടി വന്നില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി കുറ്റകൃത്യം ചെയ്യുമ്പോൾ അജിയുടെ മാനസിക നില തകരാറിലായിരുന്നെന്ന വാദം ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
ലഹരി മരുന്നുപയോഗിച്ചു ശീലമുള്ള പ്രതിയുടെ മനോവിഭ്രാന്തി കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുകയാണ് ചെയ്യുന്നതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
ലഹരി മരുന്നിനടിമയായ അജി തന്റെ കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോൾ രക്ഷക്കെത്തിയിരുന്നത് ജോണായിരുന്നു. പലപ്പോഴും ഇയാൾ അജിക്ക് ഭക്ഷണം വാങ്ങി നൽകിയിരുന്നു. എന്നാൽ കഞ്ചാവിനും മറ്റും പണം ചോദിച്ചതോടെ ജോൺ ഇയാളെ ഒഴിവാക്കാൻ തുടങ്ങി. ഇതു വൈരാഗ്യത്തിനൊരു കാരണം ആയെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ 26 സാക്ഷികളെ വിസ്തരിച്ച കോടതി 18 രേഖകളും ആറ് തൊണ്ടി മുതലുകളും പരിശോധിച്ചു. എറണാകുളം സെൻട്രൽ പൊലീസാണ് കുറ്റപത്രം നൽകിയത്.