കൊച്ചി: കേരള മീഡിയ അക്കാഡമിയിൽ നിന്ന് ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കായി പ്രമുഖ മാദ്ധ്യമ പ്രവർത്തകനും മീഡിയ അക്കാഡമി ഡയറക്ടറുമായിരുന്ന എൻ.എൻ.സത്യവ്രതന്റെ പേരിൽ പ്രൊഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സത്യവ്രതൻ സ്മാരക സ്വർണ്ണ മെഡലുകൾ തിങ്കളാഴ്ച രാവിലെ 11 ന് മുൻ സ്പീക്കർ വി.എം.സുധീരൻ സമ്മാനിക്കും.കേരള മീഡിയ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്ബ് എൻ.എൻ.സത്യവ്രതൻ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രൊഫ.കെ.വി.തോമസ് അറിയിച്ചു. അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു ചടങ്ങിൽ അദ്ധ്യക്ഷനാകും.പി.ടി.തോമസ് എം.എൽ.എ,അക്കാഡമി കോഴ്സ് ഡയറക്ടർ ഡോ.എം.ശങ്കർ, അഡ്വ.എൻ.എൻ.സുഗുണപാലൻ തുടങ്ങിയവർ സംസാരിക്കും. ഇക്കഴിഞ്ഞ വർഷം ഉന്നതവിജയം നേടിയ മൈത്രേയി എസ്.പണിക്കർ (പത്രപ്രവർത്തനം) ശ്രീലക്ഷ്മി (ടി.വി ജേണലിസം) ശ്രേയനമ്പ്യർ (പബ്ളിക് റിലേഷൻസ്) എന്നിവർക്കാണ് മെഡലുകൾ സമ്മാനിക്കുന്നത്.