കൊച്ചി: തീരപരിപാലന നിയമ ലംഘനത്തിന് ഇനി വാർത്താ കേന്ദ്രമാകുന്നത് കടവന്ത്രയിലെ ചിലവന്നൂർ കായലോരം.
മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കൽ നടപടികൾ പുരോഗമിക്കവേ ചിലവന്നൂരിലെ നൂറുകണക്കിന് ഫ്ലാറ്റുവാസികളുടെ നെഞ്ചിൽ തീയാണ്. മരടിന് സമാനമായ പ്രശ്നങ്ങൾ തന്നെയാണ് ഇവിടെയും ഫ്ളാറ്റുടമകൾ നേരിടേണ്ടി വരിക.
ജീവിതകാലത്തെ മൊത്തം സമ്പാദ്യവും ബാങ്ക് വായ്പകളും ഉപയോഗിച്ച് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ ഫ്ളാറ്റ് നിർമ്മാതാക്കളും തദ്ദേശ, റവന്യൂ അധികൃതരും നടത്തിയ തട്ടിപ്പുകൾക്ക് ഇരയാകേണ്ടി വരുമെന്ന് ഇവരാരും ഒരിക്കലും കരുതിയിരുന്നില്ല.
ചിലവന്നൂരിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള കേസിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാന വിജിലൻസിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചതോടെ ഇവിടെയും താമസിയാതെ മരട് ആവർത്തിക്കുമോ എന്ന ഭയം ഉയർന്നു തുടങ്ങി.
ചിലവന്നൂരിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള വിജിലൻസ്കേസ് നേരത്തേ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിലുള്ള അപ്പീലാണ് സുപ്രീം കോടതിക്ക് മുന്നിൽ. വിജിലൻസിന്റെ എറണാകുളം യൂണിറ്റ് എടാത്ത കേസ് ഫ്ളാറ്റ് നിർമ്മാതാവായ സിറിൾ പോളിന്റെ ഹർജിയിലാണ് ഹൈക്കോടതി റദ്ദാക്കിയത്.
സുപ്രീം കോടതിയിലെ കേസിൽ അന്നത്തെ കൊച്ചി മേയർ ടോണി ചമ്മിണി, സെക്രട്ടറി, വില്ലേജ് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരും ഉൾപ്പടെ 26 പേരാണ് കേസിലെ പ്രതികൾ.
തീരപരിപാലന ചട്ടം ലംഘിച്ച് നിർമ്മിച്ച ചിലവന്നൂർ മേഖലയിലെ ഒമ്പത് കെട്ടിടങ്ങൾ കണ്ടെത്തി കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി 2012 ഏപ്രിലിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ടും സമർപ്പിച്ചിരുന്നതാണ്. ഇതേ റിപ്പോർട്ടിൽ പറയുന്ന മരട് മുനിസിപ്പാലിറ്റിയിലെ നാല് ഫ്ളാറ്റുകളാണ് ഇപ്പോൾ പൊളിക്കുന്നത്.
പതിറ്റാണ്ടു നീണ്ട നിയമപോരാട്ടം
2009 മുതൽ ചിലവന്നൂരിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുന്ന ചിലവന്നൂർ സ്വദേശി എ.വി.ആന്റണി തന്നെയാണ് സുപ്രീം കോടതിയിലും അപ്പീൽ നൽകിയത്. ചിലവന്നൂർ കായലോരത്തെ നിർമ്മിതികളിൽ ഭൂരിഭാഗവും അനധികൃതമാണെന്ന് ആന്റണി പറഞ്ഞു. തീരപരിപാലന നിയമങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങളും റവന്യൂ ചട്ടങ്ങളും എല്ലാ കാറ്റിൽ പറത്തിയാണ് നടപടികളെല്ലാം. ഉദ്യോഗസ്ഥരും ബിൽഡർമാരും ചേർന്ന് നഗ്നമായ നിയമലംഘനങ്ങൾ നടത്തി ഫ്ളാറ്റു വാങ്ങിക്കുന്നവരെ പറ്റിക്കുകയാണ്. ഇപ്പോഴും ഇവിടെ ഇത്തരം നിർമ്മാണങ്ങൾ നടക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.