01

കോലഞ്ചേരി: പാത്രമുണ്ടെങ്കിൽ പാൽ ഒഴിച്ചെടുക്കാം. കുപ്പി കൊണ്ടുവന്നാൽ വെള്ളവും ലോഷനും നിറയ്ക്കാം. അരിയും മാവും പേപ്പർ കവറിൽ സ്വയം തൂക്കിയെടുക്കാം. എല്ലാത്തിനും നന്നേ വിലക്കുറവുമുണ്ട്. പക്ഷേ, ഒരു കാര്യം നിർബന്ധം പ്ളാസ്റ്റിക് കവറുമായി ഇങ്ങോട്ടു വരേണ്ട.

ഇത് എം.ടെക്കുകാരൻ ബിട്ടു ജോണിന്റെ കോലഞ്ചേരിയിലെ 'ഗ്രീൻ' സൂപ്പർ മാർക്കറ്റ്. എടുക്കുന്ന സാധനങ്ങൾ സ്വയം തൂക്കി വില സ്റ്റിക്കർ ഒട്ടിച്ച് കൗണ്ടറിൽ നൽകണം.

ആദ്യമൊക്കെ, ഇവനു വട്ടെന്ന് പലരും പുച്ഛിച്ചു. പിന്നെപ്പിന്നെ ആളുകൾ അടുത്തു. പ്ളാസ്റ്റിക്കിനെതിരായ ബിട്ടുവിന്റെ യുദ്ധത്തെ പിന്തുണച്ച് ഇരുനൂറിലേറെപ്പേർ ഇപ്പോൾ ദിവസവും കടയിലെത്തുന്നു. തുറന്ന് പത്തു മാസത്തിനകം കച്ചവടം ലാഭത്തിലുമായി. എയ്റോനോട്ടിക്കൽ എൻജിനിയറായ കോതമംഗലത്തുകാരൻ ബിട്ടു ബംഗളൂരുവിലെ ഒന്നാന്തരം ജോലി ഉപേക്ഷിച്ചാണ് പ്രകൃതി സൗഹൃദ പലചരക്കു കച്ചവടം തുടങ്ങിയത്.

മൂന്നുകൊല്ലം മുമ്പ് വിദേശ യാത്രയ്ക്കിടെ ലണ്ടനിലെ എർത്ത് ഫുഡ് ലവ് സൂപ്പർ മാർക്കറ്റിൽ കയറിയതാണ് ബിട്ടുവിന്റെ മനസിളക്കിയത്. കടയുടമയോട് എല്ലാം ചോദിച്ചു മനസിലാക്കി. അതുപോലൊന്ന് നാട്ടിൽ തുടങ്ങുമെന്നുറപ്പിച്ചാണ് തിരിച്ചെത്തിയത്. വിദേശത്തു നിന്ന് പ്രത്യേക കാനുകളും മറ്റും വരുത്തി സൂപ്പർ മാർക്കറ്റ് ഒരുക്കാൻ ഒന്നര വർഷമെടുത്തു.

ബിസ്കറ്റ്, നാപ്കിൻ, കുട്ടികളുടെ ഭക്ഷണപ്പൊടികൾ തുടങ്ങിയവ മാത്രമാണ് ഇപ്പോൾ പ്ളാസ്റ്റിക് കവറുകളിൽ വിൽക്കുന്നത്. അതും ഒഴിവാക്കാനാണ് ശ്രമം.

കുപ്പി കൊണ്ടു വരാത്തവർക്ക് പ്രത്യേക തരം അടപ്പുള്ള ചൈനീസ് കുപ്പി 100 രൂപയ്ക്ക് കടയിൽ കിട്ടും. കഴുകി ഉണക്കി തിരിച്ചെത്തിച്ചാൽ കാശ് മുഴുവൻ തിരിച്ചു കിട്ടും. തുണി സഞ്ചി 15 രൂപയ്ക്കും കിട്ടും.

ഇറക്കുമതി ചെയ്ത ക്ലീനിംഗ് ലോഷനുകൾ, അലക്കു ലായനികൾ, ഹാൻഡ് വാഷ് എല്ലാം വലിയ കാനുകളിൽ നിറച്ചു വച്ചിട്ടുണ്ട്. കുപ്പിയിൽ ആവശ്യത്തിന് ഒഴിച്ചെടുക്കാം. മുള കൊണ്ടു നിർമ്മിച്ചവയാണ് ടൂത്ത് ബ്രഷുകൾ.

'എന്റെ അറിവിൽ കേരളത്തിലെ ആദ്യ പ്ളാസ്റ്റിക് വിരുദ്ധ സൂപ്പർ മാർക്കറ്റാണിത്. ഇതിനകം രണ്ടര ലക്ഷം കവറും, 12000 പ്ളാസ്റ്റിക് ബോട്ടിലുകളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനായി. കൂടുതൽ പേർ ഇത് മാതൃകയാക്കണം."

- ബിട്ടു ജോൺ, ഗ്രീൻ സ്റ്റോർ ഉടമ