കൊച്ചി: കൊച്ചി​ നഗരസഭാ ഭരണത്തി​ൽ പി​ഴവുകളുണ്ടായി​ട്ടുണ്ടെന്ന് നി​യുക്ത എം.എൽ.എ ടി​.ജെ.വി​നോദ്. ഡെപ്യൂട്ടി​ മേയർ സ്ഥാനം രാജി​വെച്ച ശേഷം എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

മേയറെ മാറ്റുന്ന കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിന്റെ തീരുമാനമാണ് അന്തിമം.

# നഗരസഭയുടെ പിഴവ് അംഗീകരിക്കുന്നു

എറണാകുളത്ത് സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടായില്ല.1989 ന് ശേഷം കൊച്ചിയിൽ പെയ്ത ഏറ്റവും വലിയ മഴയായിരുന്നു തിരഞ്ഞെടുപ്പ് ദിവസത്തേത്. പെട്ടെന്ന് പ്രതികരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല എന്ന് അംഗീകരിക്കുന്നു, നഗരസഭയ്ക്ക് മാത്രം അത് സാദ്ധ്യമാകുമായിരുന്നില്ല. മേലിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നതിന് ആവശ്യമായ മുൻകരുതൽ ഉണ്ടാകും.

# തെറ്റായ പ്രചരണങ്ങൾ

റോഡ് തകർന്നത് സംബന്ധിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കലൂർ-കടവന്ത്ര റോഡ് ജി.സി.ഡി.എ ആണ് നന്നാക്കേണ്ടത്. അഞ്ചു വർഷ ഗ്യാരന്റിയിൽ നഗരസഭ നന്നാക്കിയ പണ്ഡിറ്റ് കറുപ്പൻ റോഡ് അമൃത് കുടിവെള്ള പദ്ധതിക്കായി കുഴിക്കേണ്ടി വന്നു. കൊച്ചി

മെട്രോയുടെ ഭാഗമായി കാനകളെല്ലാം അടച്ചതും വെള്ളക്കെട്ടിന് കാരണമായി. കാനകളിലേക്ക് ഒഴുക്ക് തടസപ്പെടുകയും തുറന്ന് വൃത്തിയാക്കാൻ കഴിയാതെ വരികയും ചെയ്തു. പക്ഷേ അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ തയാറല്ല. നഗരസഭയുടെ തനത് ഫണ്ട് കൊണ്ട് മാത്രം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയില്ല.

# കുടിവെള്ളത്തിന് മുൻഗണന

എം.എൽ.എ എന്ന നിലയിൽ മെട്രോപൊളിറ്റൻ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും എല്ലാ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും മുൻഗണന നൽകും. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കും. പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കാനും നിലവിലുള്ളവയുടെ തടസങ്ങൾ നീക്കാനും ശ്രമം നടത്തും. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനി​ക്കും.