കിഴക്കമ്പലം: . വലിച്ചെറിയുന്ന വെള്ളക്കുപ്പിയിൽനിന്ന് കാരുണ്യപ്രവർത്തനത്തിനുള്ളതുകകണ്ടെത്തുകയാണ് പള്ളിക്കരയിലെ ജനകീയ കൂട്ടായ്മ. കുപ്പികൾ ശേഖരിക്കാൻ കുന്നത്തുനാട്ടിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് പ്രകൃതിയെ സംരക്ഷിക്കുകയും ഒപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ചെറിയ തുക കണ്ടെത്തുകയുമാണ് പള്ളിക്കര കാരുണ്യ സ്പർശം ചാരിറ്റി പ്ളാറ്റ്ഫോമിന്റെ ലക്ഷ്യം.പഞ്ചായത്തിലെ 18 വാർഡുകളിലെയും പ്രധാന ജംഗ്ഷനുകളിൽ ബൂത്ത് സ്ഥാപിക്കും. ബൂത്തിലെത്തുന്ന കുപ്പികൾ ശേഖരിച്ച് വിറ്റു കിട്ടുന്ന പണവും ചാരിറ്റിക്കായി വിനിയോഗിക്കും. സംഘടനയുടെ 5ാ മത് വാർഷികത്തോടനുബന്ധിച്ചാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു.കരുണ്യസ്പർശം കൺവീനർ അർഷാദ് ബിൻ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ അയ്യപ്പൻ കുട്ടി, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ കാരുണ്യ സ്പർശം കോ ഓർഡിനേറ്റർമാരായ കെ.ഇ അലിയാർ,പരീക്കുഞ്ഞ് പുളിമൂട്ടിൽ കെ.എച്ച് സിദീക്ക് ഹസ്സൻ,ഇ.കെ അബ്ദുൾ സലാം,സക്കരിയ പള്ളിക്കര തുടങ്ങിയവർ സംസാരിച്ചു.
ആശ്വാസം ,കുന്നത്ത് നാടിന്
അമ്യൂസ് മെ ന്റ് പാർക്കിലേയ്ക്കായി നിരവധി വിനോദ സഞ്ചാരികളെത്തുന്ന കുന്നത്തുനാട്ടിൽ റോഡിൽ വലിച്ചെറിയുന്ന കുപ്പികൾ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇനി ഇവിടെയെത്തുന്ന സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും പ്ളാസ്റ്റിക് കുപ്പികൾ ബൂത്തിൽ നിക്ഷേപിയ്ക്കാം. ബൂത്ത് നിറയുന്നതനുസരിച്ച് സംഘടന തന്നെ നീക്കം ചെയ്യും.