കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കെ.എം.എഫ്) സംഘടിപ്പിക്കുന്ന സംഗീത നിശ 'കരുണ' നവംബർ ഒന്നിന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് സംഗീത സംവിധായകൻ ബിജിബാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന സംഗീത നിശയിൽ പ്രാദേശിക ദേശീയ അന്തർദേശീയ തലത്തിലെ 45 സംഗീതജ്ഞർ പങ്കെടുക്കും.
മൂന്നുമണിക്കൂർ നീണ്ട പരിപാടിയിൽ യുവപിന്നണി ഗായകരുടെയും സംഗീത സംവിധായകരുടെയും അരമണിക്കൂർ നീളുന്ന പ്രത്യേക സംഗീത പരിപാടി അരങ്ങേറും. കരുണയിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. https://www.ticketcollector.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. 500, 1500, 5000 രൂപ നിരക്കിലാണ് ടിക്കറ്റ് വില്പന..
കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2020 മുതൽ അന്തർദേശീയ നിലവാരമുള്ള മ്യൂസിക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ബിജിബാൽ അറിയിച്ചു. സംഗീതത്തിന്റെ വിവിധ മേഖലകളെ ഒരു കുടകീഴിലാക്കി സംഗീതത്തിന് മാത്രം പ്രാധാന്യം നൽകിയുള്ള ഫെസ്റ്റിവലായിരിക്കുമിത്. ബോൾഗാട്ടിപാലസ് കേന്ദ്രീകരിച്ചായിരിക്കും സംഘാടനം. സംഗീത പഠനം സാദ്ധ്യമാക്കാൻ ഒരു അക്കാഡമിക് റിസർച്ച് വിഭാഗവും കെ.എം.എഫ് വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷബാസ് അമൻ, ആഷിഖ് അബു, സയനോര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.