വൈപ്പിൻ: മുനമ്പം അഴിമുഖത്ത് മത്സ്യബന്ധനബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർ രക്ഷപ്പെട്ടു. കിഴക്കേവീട്ടിൽ ബാഹുലേയന്റെ ഉടമസ്ഥതയിലുള്ള സീകിംഗ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ പുത്തുറശേരി വാടക്കൽ ആൻഡ്രൂസിന്റെ മകൻ ജോസി (58)ആണ് മരിച്ചത്. അഴീക്കോട് സ്വദേശികളായ അബ്ദുൾ ജമാൽ, പ്രസാദ്, ആലപ്പുഴ ഓമലശേരി സ്വദേശികളായ സലാസ്, ജോസ് എന്നീ തൊഴിലാളികൾ രക്ഷപ്പെട്ടു. ശക്തമായ കാറ്റിലും തിരമാലയിലും പെട്ടാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അനന്യാസ് എന്ന ബോട്ടിലെ സ്രാങ്ക് കുളച്ചാൽ സ്വദേശി അരുൾ രക്ഷാപ്രവർത്തനത്തിനായി കടലിൽ എടുത്ത് ചാടിയാണ് അപകടത്തിൽപ്പെട്ട ബോട്ടിലെ ജോസിനെ കരയിലെത്തിച്ചത്. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. അഴീക്കോട് തീരദേശ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തിയില്ല. മുനമ്പം ഹാർബറിലെ തൊഴിലാളികൾ ചേർന്ന് ജോസിയുടെ മൃതദേഹം പറവൂർ ഗവ. ആശുപത്രിയിലെത്തിച്ചു. ഭാര്യ: ഷൈനി. മക്കൾ: ഷബിൻ, ആഷ്ഫിൻ.