വൈപ്പിൻ: സ്വകാര്യ ബസുകൾ ഉൾപ്പെടെ എല്ലാ ഗോശ്രീ ബസുകളുടെയും നഗരപ്രവേശത്തെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ രണ്ടാഴ്ചയ്ക്കുള്ളിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് ഗതാഗതമന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. 23 കെഎസ്ആർടിസി ബസുകൾ നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഓടിച്ച് ബസുകളുടെ നഗരപ്രവേശം നടപ്പാക്കിയ മന്ത്രിയെ അഭിനന്ദിക്കാൻ വൈപ്പിൻ ഗോശ്രീ ജംഗ് ഷനിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. . എസ്. ശർമ്മ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഇപ്പോർ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ മൂന്നിൽ ഒന്ന് വൈപ്പിൻ സ്റ്റാൻഡ് വഴി തിരിച്ചുവിടുക, ഗോശ്രീ ജംഗ്ഷന് പാലിയം സമരസേനാനി എ ജി വേലായുധന്റെ പേര് നൽകുക എന്നീ ആവശ്യങ്ങൾ ഗോശ്രീ ആക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ. മജ്‌നു കോമത്ത് ഉന്നയിച്ചു. എം.എൽ.എ.യും മറ്റു സംഘടനകളും മന്ത്രിയെ ഷാൾ അണിയിച്ച് ആദരിച്ചു.
സർവീസ് ആരംഭിച്ചിട്ടുള്ള 23 കെഎസ്ആർടിസി ബസുകൾ ചേർത്തല, ഇൻഫോപാർക്ക്, വൈറ്റില ഹബ്, തോപ്പുംപടി തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് പോകുന്നതെന്ന് എംഎൽഎ പറഞ്ഞു.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി സ്വാഗതവും ഫ്രാഗ് പ്രസിഡന്റ് അനിൽ പ്ലാവിയൻസ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം റോസ് മേരി ലോറൻസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ഉണ്ണിക്കൃഷ്ണൻ, ഷിൽഡ റിബോരോ, ഇ പി ഷിബു, കെ യു ജീവൻമിത്ര, രജിത സജീവ്, പി കെ രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർടികളെ പ്രതിനിധീകരിച്ച് കെ .എൻ ഉണ്ണിക്കൃഷ്ണൻ, ബി വി പുഷ്‌കരൻ, സാജു മേനാച്ചേരി, ജോണി ഞാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ഒറ്റ ടിക്കറ്റ് കൊണ്ട് കെഎസ്ആർടിസി ബസിലും ഓട്ടോറിക്ഷയിലും മെട്രോ റെയിൽവെയിലും യാത്രചെയ്യാവുന്ന ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സിസ്റ്റം നടപ്പാക്കാൻ ശ്രമിക്കും:മന്ത്രി