കൊച്ചി: കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം കേരള ക്രിക്കറ്റ് അസോസിയേഷന്റെ പേരിലാണെങ്കിലും ഐ.എസ്.എൽ ഉൾപ്പെടെയുള്ള ഫുട്‌ബാൾ മത്സരങ്ങളുടെ നടത്തിപ്പ്കാരണം കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ എത്തിക്കാൻ കഴിയുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ്, കേരള ഫുട്‌ബാൾ അസോസിയേഷൻ എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന് അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് സ്വന്തം വേദിയില്ല. ഇടക്കൊച്ചിയിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം ജോലികൾ മുടങ്ങി. പദ്ധതി ഉപേക്ഷിച്ചിട്ടില്ല.
ടെസ്റ്റ് മത്സരങ്ങൾക്കുള്ള വേദിയായി കലൂർ സ്റ്റേഡിയത്തെ പരിഗണിക്കുന്നതിനിടയിലാണ് സൂപ്പർലീഗ് മൽസരങ്ങൾ വരുന്നതും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി മാറുന്നതും. പിന്നീട് ഫിഫ അണ്ടർ -17 ലോകകപ്പ് മത്സരങ്ങൾക്കായി പ്രതലം പുതുക്കി പണിതതോടെ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കഴിയാതായി. പാട്ടക്കാലാവധി നിലനിൽക്കെയാണ് സ്റ്റേഡിയം ഫുട്‌ബാൾ മത്സരങ്ങൾക്കായി വിട്ടു നൽകിയത്. ഒരു വർഷം പത്ത് ഐ.എസ്.എൽ മത്സരങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ബാക്കി സമയം സ്റ്റേഡിയം ഉപയോഗശൂന്യമാണ്. ഇക്കാലയളവിലെങ്കിലും മറ്റ് മത്സരങ്ങൾക്കായി സ്റ്റേഡിയം വിട്ട് നൽകണമെന്ന് ആവശ്യപ്പെടും.
വിനോദ് റായ് സമിതിയുടെ ശുപാർശകൾ പൂർണമായും നടപ്പിലാക്കാൻ സാധിക്കില്ല.
കെ.സി.എയ്‌ക്കെതിരെ മുൻ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് വി. രാംകുമാർ ഹൈക്കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്
സത്യാവസ്ഥ കെ.സി.എ നേരിട്ട് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.
ക്രിക്കറ്റിന് ഉപകാരപ്രദമാകുന്ന ഒരുപിടി കാര്യങ്ങൾ ചെയ്യാനാകുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യയിൽ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐയെന്നും അദേഹം പറഞ്ഞു. കെ.സി.എ എറണാകുളം ജില്ലാ പ്രസിഡന്റ് കാർത്തിക് നായരും പങ്കെടുത്തു.