കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം റദ്ദാക്കി അന്വേഷണം സി.ബി.ഐയ്ക്കു കൈമാറിയ സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
2019 ഫെബ്രു. 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. ഇവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ അന്വേഷണത്തിൽ നിരവധി വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു.അപ്പീൽ തിങ്കളാഴ്ച പരിഗണിച്ചേക്കും.
കേസ് ഡയറി പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്ന് അപ്പീലിൽ പറയുന്നു.പ്രതികൾ ഭരണകക്ഷി അംഗങ്ങളായതുകൊണ്ടു മാത്രം അന്വേഷണം ശരിയായി നടന്നില്ലെന്ന് പറയാനാവില്ല.അങ്ങനെയെങ്കിൽ പാർട്ടിയംഗങ്ങൾ പ്രതികളായ കേസുകളൊക്കെ സി.ബി.ഐ അന്വേഷിക്കേണ്ടി വരും. അന്വേഷണ ഏജൻസി അധികാര ദുർവിനിയോഗമോ നിയമലംഘനമോ നടത്തിയിട്ടുണ്ടെന്ന് ബോദ്ധ്യപ്പെടുന്ന കേസുകളാണ് സി.ബി.ഐയ്ക്കു കൈമാറേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അപ്പീലിലുണ്ട്.