കിഴക്കമ്പലം:കിഴക്കമ്പലത്തെ മോഷണപരമ്പര അന്വേഷിക്കുന്നതിന് പെരുമ്പാവൂർ ഡിവൈ.എസ്.പിയു ടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഫെഡറൽ ബാങ്ക് എ.ടി.എം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസും, സ്റ്റുഡിയോയയിൽ നിന്ന് ആറു ലക്ഷം രൂപയുടെ കാമറ കവർന്ന കേസും പെരുമ്പാവൂർ ഡിവൈ.എസ്. പി കെ.ബിജുമോൻ, കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. ചാലക്കുടി ഏറ്റുമാനൂർ എ.ടി.എം കവർച്ചകളോട് സമാനമായ സംഭവമാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഷ്ടാവ് എത്തിയത് വാഹനത്തിലാണെന്നും പൊലീസ് കരുതുന്നു. ഫെഡറൽ ബാങ്കിന്റെ വിദൂര നിരീക്ഷണ സംവിധാനം വഴി വിവരമറിഞ്ഞ് ഉടനടി പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ മോഷ്ടാവ് കടന്നു കളഞ്ഞു. സമീപ റോഡുകളിൽ എല്ലാം തന്നെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.മുഖം തുണി കൊണ്ട് മറച്ച യുവാവാണ് കമ്പിപ്പാരയുമായി എ.ടി.എമ്മിലെത്തി പണം സൂക്ഷിക്കുന്ന അറയുടെ ഭാഗം തകർത്തത്. എന്നാൽ, പണമടങ്ങിയ അറ എടുക്കാൻ കഴിഞ്ഞില്ല. മൂന്നു മിനിട്ടോളം സമയമെടുത്ത് മെഷീന്റെ മറ്റു ഭാഗങ്ങളും തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
അലാറം മുഴങ്ങി, മോഷ്ടാവ് കടന്നു
എ.ടി.എമ്മിൽ പണം സൂക്ഷിക്കുന്ന അറ പൊളിക്കാനുള്ള ശ്രമം വിദൂര നിരീക്ഷണ സർവെയ്‌ലൻസ് സംവിധാനം വഴി ബാങ്കിന്റെ കേന്ദ്ര കമാൻഡ് സെന്ററായ ഇൻഫോപാർക്കിലെ ഫെഡ് സർവിലേക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ മുന്നറിയിപ്പു സംവിധാനങ്ങൾ പ്രവർത്തിക്കുകയും,പൊലീസിന് ജാഗ്രതാ സന്ദേശം ലഭിക്കുകയും ചെയ്തു. എ.ടി.എം അലാറം അടിച്ചതോടെ വിരണ്ട മോഷ്ടാവ് സുപ്രധാന തെളിവുകൾ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നു കളഞ്ഞത്.