periya-double-murder

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത് എഫ്.ഐ.ആർ കോടതിയിൽ നൽകിയ ശേഷമാണ് സർക്കാർ അപ്പീൽ നൽകിയത്. സെപ്തംബർ 30 ന് കേസന്വേഷണം സി.ബി.ഐയ്ക്കു വിട്ടിട്ടും കേസ് ഫയൽ കൈമാറിയില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ സിംഗിൾ ബെഞ്ച് ഡി.ജി.പിയെയും സി.ബി.ഐയെയും വിമർശിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് സി.ബി.ഐ മേൽ നോട്ടച്ചുമതലയുള്ള എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്.

പൊലീസ് പ്രതികളാക്കിയ 14 പേർക്കെതിരെയാണ് സി.ബി.ഐയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലപ്പട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കുന്നുണ്ട്. അന്നു തന്നെ ഡിവിഷൻ ബെഞ്ചിൽ അപ്പീലും പരിഗണനയ്ക്കെത്തിയേക്കും.

ഷുഹൈബ് വധക്കേസിൽ അന്വേഷണം സി.ബി.ഐയ്ക്കു വിട്ട സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഫലം കണ്ടിരുന്നു. സി.ബി.ഐ അന്വേഷണ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സമാന സ്ഥിതി ഇക്കേസിലുമുണ്ടെന്ന് വിലയിരുത്തി അപ്പീൽ നൽകാൻ നേരത്തെ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പെരിയ കേസ് രാഷ്ട്രീയ ചർച്ചാ വിഷയമാകുമെന്നതിനാൽ ഫലപ്രഖ്യാപനത്തിനു ശേഷം അപ്പീൽ നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പെരിയ കേസിൽ സർക്കാർ അപ്പീൽ നൽകാൻ ഒരുങ്ങുന്ന വാർത്ത ഒക്ടോബർ 20 ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.