മൂവാറ്റുപുഴ : അമേരിക്കയിൽ വാഹനാപകടത്തിൽഫാ. മാത്യു വെള്ളാങ്കലിന്റെ ആകസ്മിക വേർപാട് രണ്ടാറിന് നൊമ്പരമായി. 11ന് കാലിഫോർണിയയിൽ കോളൂസ കൗണ്ടിയിൽ ഫാ. മാത്യു വെള്ളാങ്കൽ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഷില്ലോംഗ് ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ജാലയും മരണമടഞ്ഞു.ബിഷപ്പിന്റെ സംസ്‌കാരം ഷില്ലോംഗിൽ നടന്നു.പർവ്വതാരോഹകൻ എന്ന നിലയിൽ മികവ് പ്രകടിപ്പിച്ച ഫാ. മാത്യു എല്ലാ ഭൂഖണ്ഡങ്ങളിലെയും പ്രശസ്തമായ മലനിരകളിലേക്ക് യുവജനങ്ങളോടൊപ്പം തീർത്ഥാടനം നടത്തിയിട്ടുണ്ട്. ആഫ്രിക്കയിലെയും ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും സഭ പടുത്തുയർത്താൻ ഫണ്ട് ശേഖരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഫാ. മാത്യുവിന്റെ മികവ് പ്രകടമായിരുന്നു.

.
1958ൽ രണ്ടാറിലെ വെള്ളാങ്കൽ കുടുംബത്തിൽ കുര്യാക്കോസ് (കുട്ടി) ഏലിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ച ഫാ. മാത്യു സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം സലേഷ്യൻ സഭയിൽ പ്രവേശിച്ചു. 1987 ജനുവരി അഞ്ചിന് അന്നത്തെ കോതമംഗലം രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിലിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു. വിശ്വാസ പരിശീലന രംഗത്തും സ്‌കൂൾ പ്രിൻസിപ്പലെന്ന നിലയിലും യുവജന സംഘടനയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഡയറക്ടർ എന്ന നിലയിലും സേവനം അനുഷ്ഠിച്ചിരുന്നു. സലേഷ്യൻ സഭയുടെ വൊക്കേഷണൽ ഡയറക്ടറായും ഫാ. മാത്യു സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻററിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം കത്തോലിക്ക യുവജന പ്രേഷിതത്ത്വം കൂടുതൽ കാര്യക്ഷമമായി അമേരിക്കയിൽ നടപ്പാക്കാനുള്ള തീരുമാനത്തെതുടർന്ന് ഫാ. വെള്ളാങ്കൽ അമേരിക്കയിലെ കാലിഫോർണിയായിലെത്തി. 2017 മുതൽ കോൺകോർഡിലെ സെൻറ് ബൊണാവെഞ്ച്വർ ഇടവകയെ നയിച്ചു