കൊച്ചി: തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ രാവിലയും വൈകിട്ടും ഓരോ ആറു മിനിറ്റിലും ട്രെയിനുകൾ ഉണ്ടാകും. രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയുമാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നത്. നിലവിൽ ഓരോ ഏഴ് മിനിറ്റിലുമാണ് സർവീസ്. നാളെ മുതൽ ഈ ദൈർഘ്യം ഒരു മിനുറ്റ് കുറഞ്ഞ് ആറു മിനുറ്റാകും. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാത തുറന്നതോടെ സാധാരണ ദിവസങ്ങളിൽ 60,000 യാത്രക്കാരും വാരാന്ത്യങ്ങളിൽ 65,000 യാത്രക്കാരും മെട്രോയിൽ സഞ്ചരിക്കുന്നുണ്ട്. ഐ.എസ്.എൽ മത്സര ദിവസങ്ങളിലും നഗരത്തിൽ കനത്ത വെള്ളപ്പൊക്കമുണ്ടായ ദിവസങ്ങളിലും ഇത് 75,000 ത്തിൽ എത്തി. രാവിലെയും വൈകുന്നേരവും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണ് കാണുന്നതെന്നും തിരക്കേറിയ സമയങ്ങളിൽ കൊച്ചിക്കാർക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ആവശ്യമുണ്ടെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. സർവീസുകൾ തമ്മിലുള്ള ദൈർഘ്യം ആറു മിനുറ്റായി കുറയുന്നതിനാൽ സാധാരണ ദിവസങ്ങളിൽ 13 ട്രെയിനുകൾക്ക് പകരം 15 ട്രെയിനുകൾ ഓടിക്കും. പുതിയ നീക്കം കൂടുതൽ ആളുകളെ കൊച്ചി മെട്രോ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.