കൊച്ചി: കൊച്ചി മേയറുടെ കെടുകാര്യസ്ഥതയുടെ പ്രത്യക്ഷ ഉദാഹരണമാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നടത്തിപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് പത്തര കോടി പിഴ ഈടാക്കുവാനുളള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തീരുമാനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്ലാന്റ് മെച്ചപ്പെടുത്തുന്നതിലും, ന്യൂനതകൾ പരിഹരിക്കുന്നതിലും തികഞ്ഞ പരാജയമാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിട്ടുളളത്. ഇതേ വിഷയത്തിൽ 2018 ഒക്‌ടോബറിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഒരു കോടി രൂപ പിഴ ചുമത്തിയത് മറികടക്കാൻ ഒരു കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവച്ച് കോർപ്പറേഷൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിക്കുകയാണുണ്ടായത്. ഇതിന്റെ തുടർച്ചയായി ദേശീയ ഹരിത ട്രൈബ്യൂണൽ 2019 ജനുവരിയിൽ നടത്തിയ പരിശോധനയിൽ പ്ളാന്റിൽ അടിയന്തരമായി പരിഹരിക്കേണ്ടï ന്യൂനതകളെ സംബന്ധിച്ച് നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കാൻ ശ്രമിക്കാതത്തിനാലാണ് ഇപ്പോൾ പിഴയൊടുക്കേണ്ടി വന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പ്ലാന്റ് അടച്ചു പൂട്ടുന്ന സാഹചര്യമുണ്ടായാൽ നഗരത്തിൽ മാലിന്യം കെട്ടിക്കിടന്ന് നഗരം ചീഞ്ഞുനാറുന്ന സാഹചര്യമാകും. അതിനാൽ സംസ്ഥാന സർക്കാർ ഓപ്പറേഷൻ ബ്രേക്ക്ത്രൂ മാതൃകയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് നഗരത്തിലെ മാലിന്യ സംസ്‌കരണ വിഷയത്തിന് പരിഹാരമുണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ആവശ്യപ്പെട്ടു.