നെടുമ്പാശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചയാൾ ഒടുവിൽ ഫേസ് ബുക്കിൽ ക്ഷമാപണം ലൈവായി നൽകി തടിയൂരി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കരാർ ജോലിക്കാരനായ നെടുമ്പാശേരി തുരുത്തുശേരി സ്വദേശി റോഷൻ രവീന്ദ്രനാണ് വിവാദത്തിൽപ്പെട്ടത്.
മഹാബലിപുരം ബീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തിയാക്കുന്ന വീഡിയോ ബി.ജെ.പി വർക്കല എന്ന ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് ഇയാൾ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് കുറിപ്പിട്ടത്. തുടർന്ന് ബി.ജെ.പി നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി നെടുമ്പാശേരി പൊലീസിൽ പരാതി നല്കി. പിന്നാലെ വിമാനത്താവളത്തിലെ ജോലിയിൽ നിന്നും ഇയാളെ ഒഴിവാക്കി. ഭാര്യയും അമ്മയും മറ്റും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കേസ് പിൻവലിക്കാൻ തീരുമാനമായത്.
ഫേസ് ബുക്കിൽ ലൈവായി ക്ഷമാപണം നടത്തുക, പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തി രേഖാമൂലം മാപ്പപേക്ഷ നൽകുക എന്നീ ഉപാധികൾ പ്രതി അംഗീകരിച്ചതിനെ തുടർന്നാണ് പരാതി പിൻവലിച്ചത്. മാപ്പപേക്ഷയുടെ വീഡിയോ ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലാണ്.