വൈപ്പിൻ: നൂറ് വയസ്സ് കഴിഞ്ഞ മത്സ്യതൊഴിലാളിയായിരുന്ന മുത്തശ്ശിക്ക് പെൻഷൻ തടഞ്ഞതി ൽ ചെറായി ഫിഷറീസ് ഓഫീസിൽ പ്രതിഷേധം. ഉന്നത അധികാരികൾ ഇടപെട്ട് പെൻഷൻ അനുവദിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിപ്പുറം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് വി. എസ് സോളിരാജ് ഫിഷറീസ് ഓഫീസറുടെ മുന്നിൽ മുത്തശ്ശിയെ എടുത്ത്‌നിന്ന് പ്രതിഷേധിച്ചു.

തുടർന്ന് ഫിഷറീസ് ഓഫീസർ ജില്ലാ റീജിണൽ ഓഫീസറുമായി ബന്ധപ്പെടുകയും മൂന്ന് ദിവസത്തിനുള്ളിൽ പെൻഷൻ അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ചെറായി ഗൗരീശ്വരക്ഷേത്രത്തിനു തെക്ക് വശം താമസിക്കുന്ന തോട്ടപ്പിള്ളി വേലായുധന്റെ ഭാര്യ കൗസല്യക്കാണ് മൂന്ന് വർഷമായി മത്സ്യതൊഴിലാളി ക്ഷേമനിധി പെൻഷൻ ലഭിക്കാത്തത്. പലവട്ടം ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും പെൻഷൻ ലഭിച്ചില്ല. ആധാർ കാർഡ് വേണമെന്നുള്ളതായിരുന്നു അധികൃതരുടെ ആവശ്യം. വിരലടയാളം പതിയാത്തതിനാൽ ഇവർക്ക് ആധാർ കാർഡ് ലഭ്യമായില്ല. തുടർന്ന് ജീവിച്ചിരിക്കുന്നു എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കി. എന്നിട്ടും പെൻഷൻ അനുവദിക്കാതെ വന്നപ്പോൾ ജില്ലാ ഓഫീസിൽ ബന്ധപ്പെടാനാണ് നിർദേശം ലഭിച്ചത്. അവിടെ ബന്ധപ്പെട്ടപ്പോൾ വീടിനടുത്തുള്ള ഓഫീസിൽ സമീപിക്കാനായി അടുത്ത നിർദേശം. കാര്യങ്ങൾ ഇത്രത്തോളം എത്തിയപ്പോൾ ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ വി .എസ് സോളിരാജ് കൗസല്യയുടെ മകൻ ഉണ്ണികൃഷ്ണൻ , മരുമകൾ സീന എന്നിവരോടൊപ്പം ചെറായി ഫിഷറീസ് ഓഫീസിലെത്തി പ്രതിഷേധിച്ചു.