കൊച്ചി: നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനും കൊച്ചിയുടെ സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധ്യവുമായ പ്രൊഫ.എം.കെ.സാനു ഇന്ന് 93ാം വയസിലേക്ക്. ജന്മനാൾ വിശാഖമാണ്. ജന്മദിവസം ഇന്നും. പിറന്നാളായിട്ട് വീട്ടിൽ പ്രത്യേകിച്ച് ആഘോഷപരിപാടികൾ ഒന്നുമില്ല. സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാലിന് മുല്ലശേരി കനാലിന് സമീപം ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. അതിലേക്കായി തന്റെ ചെറുപ്പകാലത്തെ ചിത്രം സംഘാടകർ കൊണ്ടുപോയിട്ടുണ്ടെന്ന് സാനുമാഷ് പറഞ്ഞു.

താങ്ങായും തണലായും കൂടെനിന്ന സഹധർമ്മിണി രത്നമ്മയെ പ്രായത്തിന്റെ അവശതകൾ ബാധിച്ചതോടെ മാഷിന്റെ ജീവിതചര്യ ആകെ മാറി. ഇക്കാലമത്രയും കാരി​ക്കാമുറി​യി​ലെ 'സന്ധ്യ'യിലേക്ക് വരുന്ന ഫോൺകോളുകൾ എടുത്തിരുന്നതും സന്ദർശകരെ സ്വീകരിച്ചിരുന്നതും ഭാര്യയാണ്. ഇപ്പോൾ ആ ജോലികളെല്ലാം മാഷിന്റെ ചുമലിലായി. വീടിന്റെ ഒന്നാം നിലയിൽ തന്നെ താമസിക്കുന്ന മകന്റെ വീട്ടിൽ നിന്നാണ് ഇരുവർക്കും ഭക്ഷണം. ദീർഘയാത്രകൾ തൃശൂർ, ആലപ്പുഴ വരെയാക്കി കുറച്ചു. പൊതുപരിപാടികൾ വെട്ടിച്ചുരുക്കി.

എന്നാൽ പ്രായമോ, കാഴ്ചക്കുറവോ ഒന്നും വായനാസപര്യക്ക് തടസമായിട്ടില്ല. കട്ടിലിൽ മുഴുവൻ വായിക്കാനുള്ള പുസ്തകങ്ങളുടെ കൂമ്പാരമാണ്. ലെൻസ് വച്ചാണ് വായന. ഈ വർഷം പ്രസിദ്ധീകരിച്ച ചിന്താവിഷ്‌ടയായ സീതയെ കുറിച്ചുള്ള പഠനവും കേശവദേവിന്റെ ജീവചരിത്രവും വായനക്കാരുടെ ശ്രദ്ധനേടി. കേസരി എ.ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രവും അദ്ദേഹം നൽകിയ സംഭാവനകളെ കുറിച്ചുള്ള രചനയുടെയും പണിപ്പുരയിലാണ് മാഷ് ഇപ്പോൾ.

ജസ്റ്റിസ് വി​.ആർ.കൃഷ്ണയ്യർ, ഡോ. സി​.കെ.രാമചന്ദ്രൻ , എന്നിവർക്കൊപ്പം മുടങ്ങാതെ സായാഹ്ന സവാരിക്ക് ഇറങ്ങിയിരുന്ന ആ ദിവസങ്ങൾ ഇപ്പോഴും മാഷിന്റെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നു. കൃഷ്ണയ്യർ യാത്ര പറഞ്ഞിട്ടും മറ്റ് രണ്ടുപേരും നടപ്പ് മുടക്കിയില്ല. ഡോ.രാമചന്ദ്രനും പ്രായത്തിന്റെ അസ്കിതകളായതോടെ മിക്ക ദിവസങ്ങളിലും സായാഹ്ന സവാരി മുടങ്ങുന്നതാണ് മാഷിന്റെ മറ്റൊരു നിരാശ.