നെടുമ്പാശേരി: നെടുമ്പാശ്ശേരി ഗ്രാമത്തിന്റെ ഓർമ്മകൾ അയവിറക്കിയ നാടൻപാട്ട് നെടുമ്പാശേരി എം.എ.എച്ച്.എസ് സ്‌കൂളിൽ നടക്കുന്ന അങ്കമാലി ഉപജില്ല സ്‌കൂൾ കലോത്സവത്തിലെ തനിമയുടെ ശ്രദ്ധേയ ഗാനമായി.
പച്ചപ്പിൻെറ സൗരഭ്യം വിരിഞ്ഞ നെൽവയലിൻെറയും കൃഷിയുടെയും കർഷകൻെറയും കൊയ്ത്ത് പാട്ടിൻെറയും മണ്ണിന്റെ മണമുള്ള ഗാനമാണ് നാടൻ പാട്ട് മത്സരത്തിൽ എം.എ.എച്ച്.എസ് സ്‌കൂളിനെ എ. ഗ്രേഡോടെ ഒന്നാം സ്ഥാനത്തിനർഹരാക്കിയത്. ഏഴ് ടീമുകളാണ് നാടൻ പാട്ട് മത്സരത്തിൽ മാറ്റുരച്ചത്.
എം.എ.എച്ച്.എസ്.സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളായ കിരൺ, അഖിൽ, മാത്യൂസ്, കൃഷ്ണപ്രസാദ്, ശിവപ്രസാദ് എന്നിവരും പ്ലസ് വൺ വിദ്യാർഥിനികളായ ദർശന, സായൂജ എന്നിവരുമാണ് പഴമപ്പാട്ടും പഴമയുടെ ഈരടികളുമായി ഒന്നാം സ്ഥാനം നേടിയെടുത്തത്. നാടൻ പാട്ട് കലാ സംഘമായ അങ്കമാലി വാപ്പാലശ്ശേരി സ്വദേശികളായ ചന്ദു,സച്ചിൻ എന്നിവരുടെ നേതൃത്വത്തിലുള്ള അങ്കമാലി 'ആദിച്യൻ കലാവേദി'യാണ് നാടൻപ്പാട്ടിനായി എം.എ.എച്ച്.എസ് വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്.